ആംബുലൻസിൽ കോവിഡ് രോഗിയെ പീഢിപ്പിച്ച നൗഫൽ ക്രിമിനൽ കേസ് പ്രതിയാണെന്ന് പോലീസ്
പത്തനംതിട്ട : ആറന്മുളയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽ വച്ച് പീഢിപ്പിച്ച പ്രതി നൗഫൽ ക്രിമിനൽ കേസിലെ പ്രതിയാണെന്ന് പത്തനതിട്ട എസ് പി കെജി സൈമൺ. നൗഫലിന്റെ പേരിൽ 308 വകുപ്പ് പ്രകാരം കേസ് നിലനിൽക്കുന്നുണ്ടെന്നും ഇതിന് ശേഷമാണ് ഇയാള്‍ 108 ആംബുലന്‍സില്‍ ഡ്രൈവറായതെന്നും എസ് പി പറഞ്ഞു.
പീഡനത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. അടൂരിൽ നിന്നാണ് ആംബുലൻസ് പുറപ്പെട്ടത്. അടുത്തകേന്ദ്രം പന്തളമാണെങ്കിലും പെൺകുട്ടിയെ ആദ്യം ഇവിടെ ഇറക്കാതെ മറ്റൊരു രോഗിയെ ഇറക്കാനായി മനപ്പൂർവം ആറന്മുളയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തിരിച്ചുവരുമ്പോഴാണ് സംഭവം നടന്നത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും എസ്പി വ്യക്തമാക്കി.
പീഡിപ്പിച്ചതിനു ശേഷം, ചെയ്തത് തെറ്റായിപ്പോയി ക്ഷമിക്കണമെന്നും സംഭവം ആരോടും പറയരുതെന്നും പ്രതി നൗഫൽ പറയുന്ന ദൃശ്യങ്ങൾ പെൺകുട്ടി റെക്കോർഡ് ചെയ്തിരുന്നു. ഇത് നിർണായക തെളിവാണെന്നും എസ്പി കെജി സൈമൺ പറഞ്ഞു. ആശുപത്രിയിൽ നിന്നും രാത്രി ഒരു മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. കായംകുളം സ്വദേശിയായ പ്രതിയെ രാത്രി തന്നെ അറസ്റ്റ് ചെയ്തു. രാവിലെയോടെ എല്ലാ തെളിവുകളും ശേഖരിച്ചുവെന്നും കെജി സൈമൺ പ്രതികരിച്ചു.
പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടി അടൂരുള്ള ബന്ധു വീട്ടിലായിരുന്നു താമസം. പെൺകുട്ടിക്കും കൊവിഡ് പോസിറ്റീവ് ആയതോടെ ആംബുലൻസിൽ പന്തളത്തേക്ക് മാറ്റുകയായിരുന്നു. ആംബുലൻസിൽ പെൺകുട്ടിക്കൊപ്പം കൊവിഡ് രോഗിയായ 40 വയസുകാരിയായ സ്ത്രീ കൂടിയുണ്ടായിരുന്നു. ഇവരെ കോഴഞ്ചേരിയിലെ ജനറൽ ആശുപത്രിയിൽ ഇറക്കിയ ശേഷമാണ് പെൺകുട്ടിയെ പന്തളത്തേക്ക് കൊണ്ടുപോയത്. ഈ സമയം പെൺകുട്ടി ആംബുലൻസിൽ തനിച്ചായിരുന്നു. ആംബുലൻസ് ഒരു ഗ്രൗണ്ടിൽ നിർത്തിയിട്ടശേഷമാണ് പീഡിപ്പിച്ചത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ആശുപത്രിയിലെത്തിച്ച ശേഷം പെൺകുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്.
കൊവിഡ് രോഗിക്കൊപ്പം ഒരു ആരോഗ്യപ്രവര്‍ത്തക കൂടി ആംബുലന്‍സില്‍ ഒപ്പമുണ്ടാകണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കേയാണ് ആറമ്മുളയില്‍ രാത്രി ആംബുലന്‍സ് ഡ്രൈവര്‍ തനിച്ച് രോഗിയുമായി സഞ്ചരിച്ചത്. ഇതില്‍ ആരോഗ്യ വകുപ്പിന് വീഴ്ചയുണ്ടായതായാണ് വിവരം.