ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചേക്കും
കോട്ടയം : ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചേക്കും. ഇടത് മുന്നണി പ്രവേശനം ഉടൻ ഉണ്ടാകുമെന്നും ഇതിന്റെ മുന്നോടിയായാണ് രാജിയെന്നാണ് ലഭിക്കുന്ന വിവരം. കേരള കോൺഗ്രസ് എമ്മിന്റെ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരുന്നുണ്ട്. ഇതിനിടെയാണ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
സിപിഐയുടെ അനുകൂല നിലപാടോടുകൂടിയാണ് ഇടത് മുന്നയിലേക്കുള്ള ജോസ് കെ മാണിയുടെ പ്രവേശന ചർച്ചകൾക്ക് വേഗം കൂടിയത്. വിഷയം ചർച്ച ചെയ്യാൻ സിപിഐഎം, സിപിഐ ഉഭകക്ഷി ചർച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. ആദ്യമായാണ് ഈ വിഷയത്തിൽ സിപിഐ ചർച്ചയ്ക്ക് തയാറായത്. തദേശ തെരഞ്ഞെടുപ്പിൽ ജോസ് പക്ഷവുമായി ധാരണയാകാമെന്ന അഭിപ്രായമാണ് സിപിഐ മുന്നോട്ടുവച്ചത്.
രാഷ്ട്രീയ നിലപാടെടുത്തതിന്റെ പേരിൽ ജോസ് കെ മാണി വഴിയാധാരമാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു. ജോസിനോട് നിഷേധാത്മക നിലപാടില്ലെന്നായിരുന്നു കോടിയേരി വ്യക്തമാക്കിയത്.