News
ജൂവലറി നിക്ഷേപത്തട്ടിപ്പ്: ഖമറുദ്ദീനോട് യു.ഡി.എഫ്. ചെയർമാൻ സ്ഥാനം രാജിവെക്കാൻ മുസ്ലിം ലീഗ് നിർദ്ദേശം
കാസർകോട്: ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിയായ എം.സി. ഖമറുദ്ദീൻ എം.എൽ.എ.യോട് യു.ഡി.എഫ്. ജില്ലാ ചെയർമാൻ സ്ഥാനം രാജിവെക്കാൻ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിർദേശം. കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് മുന്നണി ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ ലീഗ് നേതൃത്വം നിർദ്ദേശിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലും കൂടിയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ലീഗ് എത്തിച്ചേർന്നത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുള്ള, സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ സി.ടി. അഹമ്മദലി എന്നിവരുടെ പേരുകളാണ് പുതിയ യു.ഡി.എഫ്. ചെയർമാൻ സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുന്നത്.