കൊട്ടിയത്ത് പെൺകുട്ടിയുടെ ആത്മഹത്യ: പ്രതി ഹാരിസിനെ റിമാന്റ് ചെയ്തു
കൊല്ലം : കൊട്ടിയത്ത് റംസി എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഹാരിസിനെ റിമാന്റ് ചെയ്തു.14 ദിവസത്തേക്കാണ് റിമാന്റ്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.
വിവാഹം ഉറപ്പിച്ച ശേഷം വരൻ പിന്മാറിയതിൽ മനംനൊന്താണ് റംസി വീടിന്റെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് റംസിയെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വളയിടൽ ചടങ്ങും കഴിഞ്ഞ് പണം കൈപറ്റിയ ശേഷമാണ് വരൻ ഹാരിസ് വിവാഹത്തിൽ നിന്ന് പിന്മാറുന്നത്.
പത്ത് വർഷത്തോളമായി ഹാരിസും റംസിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം ഉറപ്പിച്ചതിന് ശേഷം മറ്റൊരു വിവാഹ ബന്ധത്തിലേക്ക് പോകാൻ ഹാരിസ് തയാറെടുക്കുന്നതോടെയാണ് ഇരുവരുടേയും ബന്ധത്തിൽ വിള്ളൽ വീഴുന്നത്. തന്നെ സ്വീകരിക്കണമെന്ന് റംസി ആവശ്യപ്പെടുന്നതും, ഗർഭഛിദ്രം നടത്തിയതിനെ കുറിച്ചും ഫോൺ രേഖകളിൽ വ്യക്തമാണ്.
റംസിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ നടപടിയെടുക്കാൻ അധികൃതർ തയാറായിരുന്നില്ല. പിന്നീട് സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെയാണ് ഹാരിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.