അഭിമാന നിമിഷം: റാഫേല്‍ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി
ന്യൂഡല്‍ഹി : റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. അംബാലയിലെ വ്യോമസേനാ കേന്ദ്രത്തിലാണ് ചടങ്ങുകള്‍ നടന്നത്. ആദ്യ ബാച്ചിലെ അഞ്ച് റാഫാല്‍ യുദ്ധവിമാനങ്ങളാണ് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനൊപ്പം ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലി മുഖ്യാതിഥിയായി. ചടങ്ങുകളുടെ ഭാഗമായി സർവമത പ്രാർഥനയും വ്യോമാഭ്യാസ പ്രകടനവും നടന്നു.സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ. എസ്. ബദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാര്‍, പ്രതിരോധ ഗവേഷണ വികസന സെക്രട്ടറിയും ഡി.ആര്‍.ഡി.ഒ. ചെയര്‍മാനുമായ ഡോ. ജി. സതീഷ് റെഡ്ഡി തുടങ്ങിയവരും പങ്കെടുക്കുന്നു.വ്യോമസേനയുടെ പുതിയ പക്ഷി എന്നാണ് ഐ എ എഫ് തങ്ങളുടെ ട്വീറ്റില്‍ റാഫേലിനെ വിശേഷിപ്പിച്ചത്. 59,000 കോടി രൂപയ്ക്കാണ് 36 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്. മിറാഷ് യുദ്ധ വിമാനങ്ങളേക്കാള്‍ ശേഷിയുള്ള റാഫേലിന് രാത്രിയും പകലും ഒരുപോലെആക്രമണം നടത്താന്‍ കഴിയും. പറക്കലില്‍ 25 ടണ്‍ വരെ ഭാരം വഹിക്കാനാകും.