Top Stories

സംസ്ഥാനത്ത് കൊവിഡ് മരണം ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിയന്ത്രണങ്ങൾ നീക്കുന്നതോടെ കൂടുതൽ മരണമുണ്ടായേക്കാം. നിലവിൽ വെൻറിലേറ്ററുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും വരാനിരിക്കുന്ന നാളുകൾ വന്നതിനെക്കാൾ കടുത്തതാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കോളനികളിലേക്ക് രോഗം പടരാതിരിക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ശ്രദ്ധിക്കണം. ആരും റോഡിൽ കിടക്കുന്ന അവസ്ഥയുണ്ടാവരുത്. എല്ലാവർക്കും ശ്രദ്ധ ലഭിക്കേണ്ടതുണ്ട്. കോളനികളിൽ രോഗം പടരാൻ അനുവദിക്കരുതെന്നും ഇത്രയും കാലം കേരളം പൊരുതി നിന്നുവെന്നും മന്ത്രി പറഞ്ഞു. എറണാകുളം മെഡിക്കൽ കോളേജിലെ വികസന പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്‌നാട്ടിലും മരണനിരക്ക് കൂടുതലാണ്. ആ രീതിയിൽ സംസ്ഥാനത്തും രോഗികൾ മരിക്കുമായിരുന്നെങ്കിൽ പതിനായിരം കടക്കുമെന്നായിരുന്നു വിദഗ്ധർ പറഞ്ഞത്. അത് നമുക്ക് തടയാനായത് യോജിച്ച പ്രവർത്തനം കൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.  മറ്റുസ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ആരോഗ്യരംഗം വളരെ മെച്ചപ്പെട്ടതാണ്. ആദ്യ രണ്ട് ഘട്ടത്തിലും കോവിഡിനെ സംസ്ഥാനം നന്നായി നേരിട്ടു. ഏത് സംസ്ഥാനവുമായി താരതമ്യം ചെയ്താലും ഇപ്പോഴും കേരളമാണ് പൊരുതി നിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ ഏറെയും ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവരാണ്. മരിച്ചവരിൽ 90 ശതമാനം രോഗികളും 60 വയസിന് മുകളിലുള്ളവരാണ്. ജനങ്ങൾ കോവിഡ് പ്രതിരോധ മാർഗങ്ങളിൽ അലസത കാട്ടരുത്. ഏത് വിപത്തിനേയും നേരിടാനുള്ള മനോഭാവം നമ്മൾ കാണിക്കണമെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button