ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെകുറിച്ച് ഇ.ഡി അന്വേഷണം നടത്തും
കൊച്ചി : ബിനീഷ് കോടിയേരിയുടെ റിയൽ എസ്റ്റേറ്റ് ബിസിനസ് സംബന്ധിച്ച് അന്വേഷണം നടത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിസിനസ് സംബന്ധിച്ച രേഖകളും മറ്റ് വിവരങ്ങളും ഹാജരാക്കാൻ ബിനീഷിന് ഇഡി നിർദേശം നൽകി. ബിനീഷ് കോടിയേരിയുടെ ബാങ്ക് അക്കൗണ്ടുകളും വരുമാന സ്രോതസും പരിശോധിക്കാനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്.
ബംഗളൂരു മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായിആറ് ലക്ഷത്തിന്റെ ഇടപാടാണ് ഉള്ളതെന്നാണ് ബിനീഷ് പറഞ്ഞിരിക്കുന്നത്. എന്നാൽ അതിൽ കൂടുതൽ തുകയുടെ ഇടപാട് ഇരുവരും തമ്മിൽ ഉണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
കഴിഞ്ഞദിവസം പതിനൊന്ന് മണിക്കൂറോളം ഇ.ഡി ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. സ്വർണ്ണകടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിൽ ബിനീഷ് നൽകിയ പല ഉത്തരങ്ങളും വിശ്വസനീയമല്ല എന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാൻ ഇ.ഡി വിളിപ്പിക്കും എന്നാണ് വിവരം.