സി.പി.എം. പ്രവർത്തകയുടെ ആത്മഹത്യ പ്രാദേശിക നേതാക്കളുടെ മാനസിക പീഡനത്തിൽ മനംനൊന്താണെന്ന് ആത്മഹത്യാ കുറിപ്പ്
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ സി.പി.എം. പ്രവർത്തക ആശയുടെ ആത്മഹത്യ, സി.പി.എം. പ്രാദേശിക നേതാക്കളുടെ മാനസിക പീഡനത്തിൽ മനംനൊന്താണെന്ന് ആത്മഹത്യാ കുറിപ്പ്. ലോക്കൽ കമ്മിറ്റി സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി എന്നിവരുടെ പേരുകളാണ് ആശ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. പാർട്ടിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.
ആത്മഹത്യാക്കുറിപ്പ് പുറത്തുവിടാത്തതിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാരും പ്രാദേശിക കോൺഗ്രസ് നേതാക്കളും പ്രതിഷേധിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പ് പുറത്തുവിടാതെ മൃതദേഹം മാറ്റാൻ സമ്മതിക്കില്ലന്ന് പ്രതിഷേധക്കാർ നിലപാടെടുത്തു. റോഡ് ഉപരോധമുൾപ്പെടെ രണ്ട് മണിക്കൂറോളം പ്രതിഷേധം നീണ്ടു. തുടർന്നാണ് തഹസിൽദാരെത്തി ആശയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വിടുകയായിരുന്നു.
ആത്മഹത്യാ കുറിപ്പ്- ”മരണകാരണം- പാർട്ടി ചെങ്കൽ ലോക്കൽ കമ്മിറ്റി എൽസി മെമ്പർമാരായ കൊറ്റാമം രാജൻ, അലത്തറവിളാകം ജോയി എന്നിവരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് ഞാൻ ഈ കടുംകൈ ചെയ്യുന്നത്. എന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു കൊറ്റാമം രാജൻ. പാർട്ടിക്ക് പരാതി നൽകിയിട്ടും ആരും ഒരു നടപടിയും എടുത്തില്ല. എല്ലാം ചെങ്കലിലെ നേതാക്കൾക്കറിയാം. ”
ഉദിയൻകുളങ്ങര അഴകിക്കോണം മേക്കേഭാഗത്തു പുത്തൻവീട്ടിൽ ആശ(41) ആണ് പാർട്ടി ഓഫീസിന് വേണ്ടി വാങ്ങിയ കെട്ടിടത്തിനുള്ളിൽ തൂങ്ങി മരിച്ചത്.