Top Stories
അതിർത്തിയിലെ സംഘർഷം ഒഴിവാക്കാൻ ധാരണയിലെത്തി ഇന്ത്യയും ചൈനയും
മോസ്കോ : അതിർത്തിയിൽ തുടർച്ചയായുണ്ടാകുന്ന സംഘർഷം ഒഴിവാക്കാൻ അഞ്ച് കാര്യങ്ങളിൽ ധാരണയിലെത്തി ഇന്ത്യയും ചൈനയും. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സൈനിക വിന്യാസം പിൻവലിക്കൽ, അതിർത്തിയിലെ സംഘർഷം കുറയ്ക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്.
ഇരു സേനകള്‍ക്കുമിടയില്‍ ഉചിതമായ അകലം പാലിക്കണം, സേന പിന്മാറ്റം വേഗത്തില്‍ വേണം, സ്ഥിതി സങ്കീര്‍ണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കും, ഉഭയകക്ഷി കരാറുകള്‍ പാലിക്കും, പരസ്പര വിശ്വാസം ഉണ്ടാക്കാന്‍ ഇരു രാജ്യങ്ങളും നടപടിയെടുക്കും തുടങ്ങിയ കാര്യങ്ങളിലാണ് ധാരണ. ഇന്ത്യ-ചൈന ബന്ധം വികസിപ്പിക്കുന്നതിനായി ഇരുപക്ഷവും അഭിപ്രായ വ്യത്യാസങ്ങൾ തർക്കങ്ങളാകാൻ അനുവദിക്കരുതെന്നും ഇരുമന്ത്രിമാരും സമ്മതിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
അതിർത്തിയിലെ നിലവിലെ സ്ഥിതി ഇരുവിഭാഗത്തിന്റെയും താത്പര്യം സംരക്ഷിക്കുന്നതല്ലെന്നും അതിനാൽ ഇരുവിഭാഗത്തിന്റെയും അതിർത്തി സൈനികർ സംഭാഷണം തുടരണമെന്നും വേഗത്തിൽ പിന്മാറണമെന്നും പിരിമുറുക്കം ലഘൂകരിക്കുന്നതിനായി ശരിയായ ദൂരം നിലനിർത്തുമെന്നും ഇരുവിഭാഗവും സമ്മതിച്ചു. അതിർത്തി വിഷയത്തിൽ നിലവിലുള്ള എല്ലാ കരാറുകളും പ്രോട്ടോക്കോളുകളും പാലിക്കുകയും അതിർത്തി പ്രദേശത്ത് സമാധാനവും നിലനിർത്തുമെന്നും ഇരുവരും സമ്മതിച്ചു. പ്രത്യേക പ്രതിനിധികൾ വഴിയുള്ള ആശയവിനിമയം ഇരുപക്ഷവും തുടരും.
സേനാ പിന്മാറ്റത്തിനുള്ള ധാരണകള്‍ ലംഘിക്കരുതെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ചർച്ചകൾ രണ്ടര മണിക്കൂർ നീണ്ടുനിന്നു.