കുട്ടനാട്,ചവറ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് സർവകക്ഷി യോഗം
തിരുവനന്തപുരം : കുട്ടനാട് ചവറ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാൻ സർവകക്ഷി യോഗത്തിൽ ധാരണയായി. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കുന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്തു തീരുമാനിക്കാമെന്നും സർവ്വ യോഗത്തിൽ ധാരണയായി. ഇന്ന് വീഡിയോ കോൺഫറൻസായി നടന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം.
കോവിഡ് വ്യാപനവും പാർട്ടികളുടെ അഭിപ്രായ ഐക്യവും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന് സർക്കാർ കേന്ദ്ര കമ്മിഷനോട് അഭ്യർഥിക്കും. ഉപതിരഞ്ഞെടുപ്പ് നവംബറിൽ നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സർക്കാരിന്റെ കാലവധി മേയിൽ അവസാനിക്കുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്ക് അഞ്ചുമാസമേ പ്രവർത്തിക്കാൻ കിട്ടൂ. അതിനാൽ ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണെന്ന നിലപാടിലാണ് സർക്കാർ.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ 16-ന് രാഷ്ട്രീയപ്പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. സർവകക്ഷി യോഗത്തിലെ തീരുമാനം കമ്മിഷനെ പാർട്ടികൾ അറിയിക്കും.