Top Stories
അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ യുവാക്കളെ ചൈന ഇന്ത്യയ്ക്ക് കൈമാറും
ന്യൂഡൽഹി : അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ അഞ്ചുയുവാക്കളെ സെപ്റ്റംബർ 12-ന് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ഇന്ത്യക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു.
സെപ്റ്റംബർ രണ്ടിനാണ് അഞ്ചുയുവാക്കളെ അരുണാചലിൽ നിന്ന് കാണാതായത്. ഇവരെ കാണാതായതിനെ തുടർന്ന് ചൈനീസ് പട്ടാളം ഇവരെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് യുവാക്കളിൽ ഒരാളുടെ സഹോദരൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് ഇട്ടിരുന്നു. ഇതേ തുടർന്ന് യുവാക്കളെ കാണാതായ വിവരം സംബന്ധിച്ച് ഇന്ത്യൻ സൈനികർ ചൈനീസ് സൈന്യത്തിന് സന്ദേശമയച്ചു. ഇവരെ പിന്നീട് കണ്ടെത്തിയതായി ചൈനയും അറിയിച്ചു.
വേട്ടയ്ക്കായി ഇറങ്ങിയ ഏഴംഗസംഘത്തിൽ അഞ്ചുപേർ അബദ്ധത്തിൽ അതിർത്തി കടക്കുകയായിരുന്നു. ഇന്ത്യ-ചൈന അതിർത്തി സംഘർഷം നിലനിൽക്കുന്നതിനിടെയാണ് യുവാക്കളെ കാണാതായത്. ഇവരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന ആരോപണം ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.