ഇന്ത്യയിൽ കോവിഡ് വാക്സിൻ 2021 ആദ്യം
ന്യൂഡൽഹി : കോവിഡ് വാക്സിൻ 2021 ആദ്യം ലഭ്യമായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ. മരുന്നിനെ കുറിച്ച് ജനങ്ങളിൽ വിശ്വാസമുണ്ടാക്കാൻ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കാൻ താൻ സന്നദ്ധനാവുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിന് പുറത്തിറക്കുന്നതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച ശേഷം മാത്രമേ വാക്സിന് മനുഷ്യരില്‍ പരീക്ഷണം നടത്തുവെന്ന് മന്ത്രി ഉറപ്പുനല്‍കി. വാക്സിൻ കൂടുതൽ ആവശ്യമുള്ളവർക്കാവും ആദ്യം ലഭ്യമാക്കുക. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ മുന്നണിയിൽ പ്രവർത്തിക്കുന്നവർ, മുതിർന്ന പൗരന്മാർ, രോഗസാധ്യത കൂടുതലുള്ള മറ്റ് രോഗങ്ങളുള്ളവർ എന്നിവർക്കാവും ആദ്യം വാക്സിൻ ലഭ്യമാക്കുക എന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ വാക്സിൻ വികസിപ്പിക്കുന്നത് നിരീക്ഷിക്കാനായി ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. പരീക്ഷണം പൂർത്തിയായി വിജയം കണ്ടാൽ വാക്സിൻ വൻതോതിൽ ഉത്പാദിപ്പിക്കാൻ കമ്പനികളോട് ആവശ്യപ്പെടും. ഒട്ടും സമയം നഷ്ടപ്പെടുത്താനില്ല. വാക്സിന്റെ വില സംബന്ധിച്ച് നിലവിൽ ഒന്നും പറയാനാവില്ല. എന്നാൽ വില നോക്കാതെ ആവശ്യക്കാർക്ക് വാക്സിൻ ഉറപ്പുവരുത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സൺഡേ സംവാദ് എന്ന ഓൺലൈൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.