Top Stories

ലൈഫ് മിഷൻ: മന്ത്രി ഇ.പി.ജയരാജന്റെ മകന് ഒരു കോടി രൂപ കിട്ടിയെന്ന് ബിജെപി

തിരുവനന്തപുരം : ലൈഫ് മിഷനുമായി ബന്ധപ്പെട്ട തട്ടിപ്പിൽ മന്ത്രി ഇ.പി.ജയരാജന്റെ മകന് പങ്കുണ്ടെന്ന ആരോപണവുമായി  ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ലൈഫ് മിഷനിൽ ഒരു കോടി രൂപ ഇ.പി.ജയരാജിന്റെ മകൻ  കൈപ്പറ്റിയെന്ന ആരോപണത്തിൽ സിപിഎം പ്രതികരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ.യും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നത് എന്നാണ് ഇത്രയും ദിവസം സി.പി.എം. നേതാക്കൾ പറഞ്ഞത്. ഇപ്പോൾ ഇഡിക്കെതിരെ അവർ രംഗത്ത് വന്നത് അന്വേഷണം വമ്പൻ സ്രാവുകളിലേക്ക് നീങ്ങുന്നതുകൊണ്ടാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഇ.പി.ജയരാജിന്റെ മകനെതിരെ സ്വപ്നസുരേഷുമായി ബന്ധപ്പെട്ട ലൈഫ് മിഷൻ തട്ടിപ്പിലും മറ്റ് സാമ്പത്തിക ഇടപെടലുകളിലും പേര് ഉയർന്നുവരുന്നതാണ് സിപിഎമ്മിന്റ വേവലാതിക്ക് കാരണം. ഇ.പി.ജയരാജന്റെ മകനും സ്വപ്ന സുരേഷും തട്ടിപ്പുസംഘങ്ങളും തമ്മിലുളള ബന്ധം കൂടുതൽ തെളിഞ്ഞുവരികയാണ്. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട ലൈഫ് മിഷൻ തട്ടിപ്പിൽ പാർട്ടി ചാനൽ തന്നെ കമ്മിഷൻ നാലരക്കോടിയാണെന്ന് വ്യക്തമാക്കിയിരുന്നു.

സ്വപ്നയുടെ ബാങ്ക് ലോക്കറിൽ നിന്ന് ഒരു കോടി രൂപമാത്രമാണ് കണ്ടെത്തിയത്. ഒരുകോടി കഴിച്ചുളള കമ്മീഷനിൽ ഭീമമായിട്ടുളള തുക ഇ.പി.ജയരാജന്റെ മകനിലേക്കാണ് പോയതെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം. അതാണ് ഇഡിക്കെതിരെ പരസ്യമായ നിലപാട് സി.പി.എം. സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുമാസമായി അന്വേഷണം ശരിയായ ദിശയിലാണ്, കേന്ദ്ര ഏജൻസികൾ അന്വേഷിക്കട്ടെ ഞങ്ങൾക്ക് ഭയമില്ല. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞവർ ഇപ്പോൾ പരസ്യമായാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഇഡി രാഷ്ട്രീയ പ്രേരിതമായി പ്രവർത്തിക്കുന്നുവെന്ന സി.പി.എം. സെക്രട്ടറിയേറ്റിന്റെ ആരോപണത്തോട് മുഖ്യമന്ത്രി പ്രതികരിക്കണം. മുഖ്യമന്ത്രി ഔദ്യോഗികമായി ഔപചാരികമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ആരോപണം അംഗീകരിക്കുന്നുണ്ടോ നിരാകരിക്കുന്നുണ്ടോ എന്നറിയാൻ കേരളത്തിലെ ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button