രാഷ്ട്രപതി, പ്രധാനമന്ത്രി ഉൾപ്പെടെ പതിനായിരക്കണക്കിന് ഇന്ത്യക്കാർ ചൈനീസ് നിരീക്ഷണത്തിൽ
ന്യൂഡൽഹി : രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, രാഷ്ട്രീയ നേതാക്കൾ, മാധ്യമങ്ങൾ, വ്യാപാരികൾ, അടക്കം ഇന്ത്യയിലെ പതിനായിരക്കണക്കിന് പേരെ ചൈന നിരീക്ഷിക്കുന്നതായി വെളിപ്പെടുത്തൽ. ചൈനീസ് സർക്കാരുമായി ബന്ധമുള്ള ഷാൻസെൻ ആസ്ഥാനമായ ഷെൻഹുവ ഡാറ്റ ഇൻഫർമേഷൻ ടെക്നോളജി ലിമിറ്റഡാണ് നിരീക്ഷിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ ഉപയോഗിച്ചാണ് നിരീക്ഷണം. ഇന്ത്യൻ എക്സ്പ്രസ്സ് ആണ് വാർത്ത പുറത്ത് വിട്ടത്.
ചൈനീസ് സേനയുമായും സുരക്ഷാ ഏജൻസികൾ രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയുമായും അടുത്ത് സഹകരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഷെങ്ഹ്വ. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയും കുടുംബവും, മുഖ്യമന്ത്രിമാരായ മമതാ ബാനർജി, അശോക് ഗെഹ്ലോട്ട്, അമരീന്ദർ സിംഗ്, ഉദ്ധവ് താക്കറെ, നവീൻ പട്നായിക്, ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രിമാർ, പ്രതിരോധ മേധാവി ബിപിൻ റാവത്ത്, ചീഫ് ജസ്റ്റിസ്, മറ്റ് ജഡ്ജിമാർ, രത്തൻ ടാറ്റ, ഗൗതം അദാനി എന്നിങ്ങനെ പതിനായിരത്തോളം ഇന്ത്യക്കാരാണ് ചൈനീസ് നിരീക്ഷണത്തിൽ ഉള്ളത്.
ഇതിന് പുറമെ ശാസ്ത്രജ്ഞർ, മാധ്യമ പ്രവർത്തകർ, അഭിനേതാക്കൾ, സ്പോർട്ട്സ് താരങ്ങൾ, മതനേതാക്കൾ, ആക്ടിവിസ്റ്റുകൾ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, ശശിതരൂർ ഉൾപ്പെടെ എഴുന്നൂറോളം രാഷ്ട്രീയ പ്രവർത്തകർ, എന്നിവരും നിരീക്ഷണ പട്ടികയിലുണ്ട്.