സ്വപ്നയ്ക്ക് വിരുന്നൊരുക്കി മന്ത്രിപുത്രൻ; അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികൾ
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മന്ത്രി പുത്രൻ വിരുന്നൊരുക്കിയെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. വിരുന്നിൽ സംസ്ഥാനത്തെ ഒരു പ്രമുഖ സിപിഎം നേതാവിന്റെ മകനും പങ്കെടുത്തതായാണ് വിവരം. വിരുന്നിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. 2018 ല്‍ തലസ്ഥാനത്തെ ഹോട്ടലിലായിരുന്നു മന്ത്രിപുത്രന്റെ വിരുന്ന്. വിരുന്നിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു.
മന്ത്രിയുടെ മകന്റെ യുഎഇയിലെ വീസാ കുരുക്ക് പരിഹരിച്ചത് അന്ന് കോണ്‍സുലേറ്റിലായിരുന്ന സ്വപ്ന സുരേഷ് ഇടപെട്ടായിരുന്നു. ഇതിന് നന്ദി പ്രകടിപ്പിച്ചാണ് വിരുന്നൊരുക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം. വിരുന്നിലെ ചിത്രങ്ങള്‍ കേന്ദ്ര ഏജന്‍സിക്ക് ലഭിച്ചതിന് പിന്നാലെ ഇതിന്റെ് വീഡിയോ ദൃശ്യങ്ങള്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഈ വിരുന്നിന് പിന്നാലെയാണ് 2019 ല്‍ ലൈഫ് മിഷന് കരാറില്‍ മന്ത്രിയുടെ മകന് ഇടനിലക്കാരനായതെന്നാണ് സൂചന. മന്ത്രി പുത്രനെ വരും ദിവസങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തേക്കും. ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക് നല്കിയ നാല് കോടിയിലധികം രൂപ കമ്മീഷനില്‍ നിന്നും ഒരു പങ്ക് മന്ത്രിയുടെ മകനും ലഭിച്ചുവെന്നാണ് എന്‍ഫോഴ്സ്മെന്റിന് ലഭിച്ചിരിക്കുന്ന വിവരം. സ്വപ്നയ്ക്ക് കമ്മീഷന് നല്കിയ കമ്പനികളുടെ പ്രതിനിധികളേയും ചോദ്യം ചെയ്യുമെന്നാണ് സൂചന.