കെടി ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ്
കൊച്ചി : മന്ത്രി കെടി ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും എൻഫോഴ്സ്മെന്റ് മേധാവി വ്യക്തമാക്കി. മന്ത്രി കെ.ടി ജലീലിന്റെ മൊഴി തൃപ്തികരമാണെന്നും മന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
അതേസമയം, കെ.ടി.ജലീലിനെ രണ്ട് ദിവസമായാണ് ഇ.ഡി ചോദ്യം ചെയ്യ്തത് എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നു. വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് മന്ത്രി കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ആദ്യമെത്തിയതെന്നാണ് വിവരം. രാത്രി പതിനൊന്നോടെ തിരിച്ചുപോയ മന്ത്രി വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വീണ്ടും ഹാജരായി.
നേരത്തെ തന്നെ മന്ത്രിയോട് എൻഫോഴ്സ്മെന്റ് കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ വിശദീകരണം ചോദിച്ചിരുന്നു. ഇതിന് മറുപടി എഴുതി നൽകുകയായിരുന്നു. ഈ ഉത്തരങ്ങളിൽ ഊന്നികൊണ്ടാണ് രണ്ടു ദിവസവും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. മന്ത്രി നൽകിയ മൊഴി ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്.