സ്വപ്ന സുരേഷിനൊപ്പം സെൽഫിയെടുത്ത് വനിതാ പോലിസ്; വകുപ്പ് തല നടപടി ഉണ്ടായേക്കും
തൃശ്ശൂർ : സ്വപ്ന സുരേഷിനൊപ്പം സെൽഫിയെടുത്ത് പുലിവാല് പിടിച്ച് വനിതാ പോലിസ്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം സെൽഫിയെടുത്ത 6 വനിതാ പോലീസുകാർക്കെതിരെ അന്വേഷണം. പ്രാഥമിക നടപടിയായി വനിതാ പോലീസുകാരെ താക്കീത് ചെയ്തു.
സ്വപ്ന ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥർ സെൽഫി എടുത്തത്. ഒരു സമയം മൂന്ന് പേരാണ് സ്വപ്നയ്ക്കൊപ്പം ഉണ്ടാകുക. മൂന്ന് പേർ ഡ്യൂട്ടി കഴിഞ്ഞ് നിൽക്കുകയും മറ്റ് മൂന്ന് പേർ ഡ്യൂട്ടിക്ക് എത്തിയപ്പോഴുമാണ് സെൽഫിയെടുത്തത്. വിവാദ സെൽഫി രഹസ്യമായാണ് പൊലീസ് സൂക്ഷിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
തൃശൂർ മെഡിക്കൽ കോളേജിൽ നെഞ്ചുവേദനയെ തുടർന്നാണ് സ്വപ്ന സുരേഷിനെ പ്രവേശിപ്പിച്ചത്. ഇതേ കാരണത്തിന് ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സ്വപ്നയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിലാണ് വനിതാ പോലീസുകാർ പ്രതിക്കൊപ്പം സെൽഫിയെടുത്തതെന്നാണ് ആക്ഷേപം. ഒരു കൗതുകത്തിന് എടുത്തതാണെന്നാണ് പോലീസുകാരുടെ വിശദീകരണം.
ഇതിനിടെ സ്വപ്ന ആശുപത്രിയിൽ കഴിഞ്ഞിരുന്ന ദിവസങ്ങളിൽ ആശുപത്രിയിലെത്തിയ പ്രമുഖരുടെ വിവരങ്ങൾ എൻ.ഐ.എ ശേഖരിക്കുന്നുണ്ട്. അനിൽ അക്കര എംഎൽഎ ഇത്തരത്തിൽ ആശുപത്രിയിലെത്തിയിട്ടുണ്ടെന്ന് എൻഐഎ കണ്ടെത്തി. സ്വപ്ന സുരേഷ് അഡ്മിറ്റായ ദിവസം രാത്രിയാണ് അനിൽ അക്കര ആശുപത്രിയിലെത്തിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സമയത്തെ പൊലീസുകാരുടെ ഫോൺ കോളുകളും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആശുപത്രിയിൽ വെച്ച് സ്വപ്ന സുരേഷ് നഴ്സുമാരുടെ ഫോണിൽ നിന്ന് ഉന്നതരെ ബന്ധപ്പെട്ടുവെന്ന ആരോപണവും ഉയർന്നിരുന്നു. ഇതും എൻഐഎ അന്വേഷിയ്ക്കുന്നുണ്ട്.