ജലീല്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കെ.സുരേന്ദ്രന് മാനസികനില തെറ്റിയ ആൾ: മുഖ്യമന്ത്രി
തിരുവനന്തപുരം : മന്ത്രി കെ.ടി ജലീല്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അക്കാര്യത്തിൽ സമൂഹത്തിന് നല്ല വ്യക്തത ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലീലിനെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ച് കേരളത്തിന്റെ പൊതുവായ അന്തരീക്ഷം അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. കെ.ടി. ജലീലിനോട് നേരത്തെ തന്നെ വിരോധമുള്ള ചിലരുണ്ട്. ജലീല്‍ ലീഗ് വിട്ടതിന്റെ പക ചിലര്‍ക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ജലീലിനെതിരെ അപവാദം പ്രചരിപ്പിച്ച് പൊതുസാഹചര്യം അട്ടിമറിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജലീലിനോട് നേരത്തെ വിരോധമുള്ളവരും ഇപ്പോള്‍ സമരസപ്പെടാന്‍ ബുദ്ധിമുട്ടുള്ളവരുമുണ്ട്. അതിന്റെ ഭാഗമായി ജലീലിനെ തേജോവധം ചെയ്യാനാണ് ശ്രമം. അപവാദം പ്രചരിപ്പിച്ച് നാട്ടില്‍ പ്രശ്നമുണ്ടാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് മാനസികനില തെറ്റിയ ആളായി മാറിയെന്ന് മുഖ്യമന്ത്രി. ഒരു അടിസ്ഥാനവുമില്ലാതെ തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഇല്ലാക്കഥകളുണ്ടാക്കി അപവാദം പ്രചരിപ്പിക്കാനാണ് ശ്രമം. അയാൾക്ക് ഒരു ദിവസം രാത്രി എന്തൊക്കയോ തോന്നുന്നു, അതൊക്കെ വിളിച്ചുപറയുന്നു, പ്രത്യേക മാനസകാവസ്ഥയാണത്. അതിന് ഞാനല്ല മറുപടി പറയേണ്ടത്. സുരേന്ദ്രനോട് ഇനിയും പറയാനുണ്ട്, അത് പത്രസമ്മേളനത്തിലൂടെ പറയാനില്ല. സുരേന്ദ്രനല്ല പിണറായി വിജയനെന്നും മുഖ്യമന്ത്രി പറഞ്ഞു. മാനസികാവസ്ഥ തെറ്റിപ്പോയ ഒരാളെ ബിജെപിയുടെ അധ്യക്ഷനായി ഇരുത്തണോ എന്ന് പാർട്ടി ആലോചിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.