News
അലന്റേയും,താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന എൻഐഎ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിയ്ക്കും
കൊച്ചി : പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലന്റേയും, താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധുണ്ടെന്ന് തെളിയിക്കുന്ന ലഘുലേഖകൾ കണ്ടെത്തിയിരുന്നുവെന്നാണ് എൻഐഎ വാദം. ലഘുലേഖ സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ ആഹ്വാനം നൽകുന്നതാണ്. ഇരുവർക്കും ജാമ്യം ലഭിച്ചത് തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുമെന്നും ഹർജിയിൽ പറയുന്നു.
പത്തു മാസത്തെ ജയിൽ വാസത്തിന് ശേഷം സെപ്തംബർ പതിനൊന്നിനാണ് യുഎപിഎ കേസിൽ കുറ്റാരോപിതനായ അലൻ ശുഹൈബും താഹ ഫസലും ജാമ്യത്തിലിറങ്ങുന്നത്. കടുത്ത ഉപാധികളോടെയാണ് കൊച്ചി എൻഐഎ കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചത്.
സിപിഐ (മാവോയിസ്റ്റ്) സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമർപ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണം, പാസ്‌പോർട്ട് കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യമനുവദിച്ചത്.