Top Stories
ഇന്ത്യയിൽ ഓക്സ്ഫഡ് കോവിഡ് 19 വാക്സിന്റെ പരീക്ഷണം പുനരാരംഭിക്കാൻ അനുമതി
ന്യൂഡൽഹി : ഓക്സ്ഫഡ് കോവിഡ് 19 വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം പുനരാരംഭിക്കാൻ ഇന്ത്യയുടെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങൾക്കായി ആളുകളെ തിരഞ്ഞെടുക്കുന്നത് നിർത്തിവെച്ചുകൊണ്ട് നേരത്തെ ഇറക്കിയ ഉത്തരവ് ഡിസിജിഐ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.
പരീക്ഷണവുമായി ബന്ധപ്പെട്ട് വിപരീത ഫലങ്ങളുണ്ടായാൽ അത് കൈകാര്യം ചെയ്യുന്നതിനുള്ള ചികിത്സകൾ അടക്കമുള്ള നടപടിക്രമങ്ങൾ എന്തൊക്കെയായിരിക്കും എന്ന് വ്യക്തമാക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് നിർദേശം നൽകിയിട്ടുണ്ട്.
ക്ലിനിക്കൽ പരീക്ഷണത്തിനിടെ വാക്സിൻ സ്വീകരിച്ച ഒരാൾക്ക് വിശദീകരിക്കപ്പെടാത്ത ഒരു അസുഖം കണ്ടെത്തിയതിനെ തുടർന്നാണ് ഓക്സ്ഫഡിന്റെ ക്ലിനിക്കൽ ട്രെയൽ ബ്രിട്ടീഷ് ഔഷധ ഉത്പാദന കമ്പനിയായ ആസ്ട്രസെനേക നിർത്തിവെച്ചത്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നടക്കുന്ന അനുബന്ധ ക്ലിനിക്കൽ ട്രയൽ നിർത്തിവെക്കാൻ ഡിസിജിഐ സെറം ഇൻസ്റ്റിറ്റ്യൂട്ടിനോട് നിർദേശിച്ചിരുന്നു.