Top Stories
എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കെ.ടി ജലീലിനെ വിട്ടയച്ചു
കൊച്ചി : എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദേശീയ അന്വേഷണ ഏജൻസി മന്ത്രി കെ.ടി ജലീലിനെ വിട്ടയച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് ജലീൽ കൊച്ചി എൻ.ഐ.എ ഓഫീസിൽ നിന്ന് പുറക്കേക്കിറങ്ങിയത്.
മാധ്യമങ്ങൾ അറിയാതിരിക്കാൻ പുലർച്ചെതന്നെ ജലീൽ എൻ.ഐ.എ. ഓഫീസിലെത്തിയിരുന്നു. സർക്കാർ വാഹനമുപേക്ഷിച്ച് രാവിലെ ആറുമണിയോടെ മുൻ എംഎൽഎ എ.എം.യൂസഫിന്റെ കാറിലാണ് മന്ത്രി കൊച്ചിയിലെ എൻ.ഐ.എ. ഓഫീസിൽ എത്തിയത്. ഇതേ കാറിൽ തന്നെയാണ് ചോദ്യം ചെയ്യൽ പൂർത്തിയാക്കി മന്ത്രി മടങ്ങിയതും.
സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ടാണ് എൻഐഎ മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിപ്പിച്ചത്. മാർച്ച് നാലിന് എത്തിയ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സ്വർണക്കടത്ത് കേസിലെ സ്വപ്നയടക്കമുള്ള പ്രതികളുമായുള്ള ബന്ധം, കോൺസുലേറ്റ് ജനറലുമായുള്ള ബന്ധം എന്നീ വിഷയങ്ങളിൽ എൻഐഎ വിവരങ്ങൾ തേടിയെന്നാണ് റിപ്പോർട്ട്.