Top Stories
ജലീനെതിരെയുള്ള ആരോപണങ്ങൾ നേരിടാൻ ഖുർആനെ പരിചയാക്കി സിപിഎം
തിരുവനന്തപുരം : കെ.ടി ജലീനെതിരെയുള്ള ആരോപണങ്ങൾ നേരിടാൻ ഖുർആനെ പരിചയാക്കി പച്ച വർഗീയത പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിനെ ഇകഴ്ത്താൻവേണ്ടി പുണ്യഗ്രന്ഥമായി വിശ്വാസികൾ കരുതുന്ന ഖുറാനെ പോലും രാഷ്ട്രീയ കള്ളക്കളിക്ക് പ്രതിപക്ഷം ആയുധമാക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ഖുറാൻ ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള ഒരു പുസ്തകമാണോ എന്നും ലേഖനത്തിൽ അദ്ദേഹം ചോദിക്കുന്നു. ഇപ്പോൾ നടക്കുന്ന പ്രതിപക്ഷ സമരം ഖുറാനെ അപഹസിക്കുന്നതാണെന്നാണ് കോടിയേരിയുടെ അഭിപ്രായം.
കെ.ടി ജലീലിനും എൽഡിഎഫ് സർക്കാരിനുമെതിരെ യുഡിഎഫും ബിജെപിയും നടത്തുന്നത് ‘ഖുർആൻ വിരുദ്ധ’ പ്രക്ഷോഭമാണെന്നാണ് ജാതി, മാതാതീത രാഷ്ട്രീയ പ്രത്യേയ ശാസ്ത്രത്തിന്റെ കാവൽക്കാരൻ ദേശാഭിമാനിയിൽ എഴുതിയത്. ‘അവഹേളനം ഖുറാനോടോ’ എന്ന തലക്കെട്ടിലാണ് അദ്ദേഹത്തിന്റെ ലേഖനം. ഖുറാനെ അവഹേളിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. കോൺഗ്രസും മുസ്ലീംലീഗും ഇക്കാര്യത്തിൽ ഒരേ സമീപനമാണ് സ്വീകരിക്കുന്നത്. യുഡിഎഫ്- ബിജെപി പ്രക്ഷോഭം ഗതികിട്ടാപ്രേതമായി ഒടുങ്ങുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു.
ഖുർആൻ ഒരു നിരോധിത മതഗ്രന്ഥമാണോ? ഇന്ത്യയിൽ മോഡി ഭരണമുള്ളതുകൊണ്ട് റമദാൻ കിറ്റും ഖുർആൻ വിതരണവും രാജ്യദ്രോഹമാണെന്ന് സർക്കാർ കൽപ്പനയുണ്ടായിട്ടുണ്ടോ? കോടാനുകോടി വിശ്വാസികളായ മുസ്ലിങ്ങൾ വിശുദ്ധഗ്രന്ഥമായി കാണുന്ന ഖുർആനോട് ആർഎസ്എസിനും ബിജെപിക്കുമുള്ള വിരോധം മറയില്ലാത്തതാണ്.മുസ്ലിങ്ങളെയും ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും ഉൻമൂലനം ചെയ്യാൻ നിലകൊള്ളുന്ന പ്രസ്ഥാനമാണ് ആർഎസ്എസ്. ഈ ഹിന്ദുത്വ നയത്തിനൊത്ത് പ്രവർത്തിക്കുന്നതാണ് മോഡി സർക്കാർ. ഖുർആനോട് ആർഎസ്എസിനെപ്പോലെ ഒരു അലർജി മുസ്ലിംലീഗിന് എന്തിനാണ്. വരുന്ന അഞ്ച് വർഷവും അധികാരത്തിൽനിന്ന് പുറത്തായാൽ ഉണ്ടാകുന്ന മനോവിഭ്രാന്തിയിൽ ഖുർആൻവിരുദ്ധ ആർഎസ്എസ് പ്രക്ഷോഭത്തിന് തീ പകരുകയാണ് മുസ്ലിംലീഗ്. ഇക്കാര്യത്തിൽ കോൺഗ്രസും മത്സരിച്ച് ഒപ്പമുണ്ടുതാനും. ജലീലിനെ താറടിക്കാൻ മുസ്ലിംലീഗും കോൺഗ്രസും ആർഎസ്എസ് അജൻഡയുടെ വക്താക്കളായിരിക്കുകയാണ്. അതുകൊണ്ടാണ് ഖുർആനെപ്പോലും തള്ളിപ്പറയുന്ന ദുഷ്ടരാഷ്ട്രീയത്തിൽ എത്തിയിരിക്കുന്നതെന്ന് കോടിയേരി പറയുന്നു.
പ്രതിപക്ഷവും മാധ്യമങ്ങളും അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കാനും കലാപമുണ്ടാക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്. ഇതിന് പിന്നിൽ വൻ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. വിമോചന സമരകാലത്തെക്കാൾ വിപുലമായ ശക്തികൾ തിരശ്ശീലയ്ക്കുള്ളിലുണ്ട്. സംസ്ഥാനത്ത് തുടർ ഭരണമുണ്ടാകുമെന്ന ആശങ്കയിലാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇല്ലാത്ത കഥകൾ ഉണ്ടാക്കിയെടുത്ത് ജനങ്ങളെ തെരുവിലേക്കിറക്കുന്നത്.
ഒരുകാരണവശാലും കെടി ജലീൽ രാജിവെക്കേണ്ട കാര്യമില്ല. വഖഫ് ബോർഡിന്റെ മന്ത്രിയെന്ന നിലയിൽ യുഎഇ കോൺസുലേറ്റിന്റെ റമദാൻകാല ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചതിൽ എവിടെയാണ് ക്രിമിനൽ കുറ്റം. ഒരു കുറ്റവും ചെയ്യാതിരുന്നിട്ടും ജലീലിനെതിരേ സ്വർണക്കടത്ത് ആക്ഷേപവുമായി പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇറങ്ങിയിരിക്കുന്നത് നീചമായ പ്രവൃത്തിയാണ്. യുഡിഎഫ് കൺവീനറും ബിജെപി നേതാക്കളും ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലീലിനെ കേന്ദ്ര ഏജൻസികൾ വിളിച്ചുവരുത്തി മൊഴി എടുത്തത്. ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത് ഒരു ജനാധിപത്യ സമരമല്ല മറിച്ച് സമരാഭാസമാണെന്നും കോടിയേരി ആക്ഷേപിച്ചു.
സ്വർണക്കടത്ത് കേസിൽ തന്റെ മകൻ നിയമവിരുദ്ധമായി പ്രവർത്തിച്ചെങ്കിൽ ഏത് ശിക്ഷയും നൽകട്ടെയെന്നും കോടിയേരി ലേഖനത്തിൽ വ്യക്തമാക്കി. എന്നാൽ തന്നെയും തന്റെ സഹപ്രവർത്തകൻ ഇ.പി ജയരാജനേയും തെറ്റിക്കുന്നതിനുള്ള സമീപനം ഒരു മാധ്യമം സ്വീകരിച്ചു. ഇത്തരം അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന സമീപനം മാധ്യമങ്ങൾ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അധികാരമോഹത്താൽ എല്ലാം മറക്കുന്ന അവസ്ഥയിലേക്ക് മുസ്ലിംലീഗ് നേതൃത്വം എത്തിയിരിക്കുകയാണ്. അതിന്റെ പ്രഖ്യാപനമാണ് ബിജെപി ശത്രുവല്ല, സി.പി.ഐ.എമ്മാണ് ശത്രു എന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കാൻ മുസ്ലിംലീഗ്തന്നെ മുന്നിട്ടിറങ്ങും എന്നതിന്റെ വിളംബരമാണിതെന്നും കോടിയേരി ലേഖനത്തിൽ വ്യക്തമാക്കി.