Top Stories
മതഗ്രന്ഥം ഇറക്കുമതി ചെയ്ത സംഭവത്തിൽ കസ്റ്റംസ് കേസ്; ജലീലിനെ ചോദ്യം ചെയ്യും
കൊച്ചി : നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥങ്ങൾ കൊണ്ടുവന്ന് കേരളത്തിൽ വിതരണം ചെയ്ത സംഭവത്തിൽ കസ്റ്റംസ് കേസെടുത്തു. നയതന്ത്ര ചാനൽ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന വിലയിരുത്തലിലാണ് കേസെടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും.
നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങൾ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വിതരണം ചെയ്തതിൽ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇത് അന്വേഷിക്കുന്നതിനായി സ്പെഷ്യൽ ടീമിനെ കസ്റ്റംസ് നിയോഗിച്ചു.മതഗ്രന്ഥങ്ങളെക്കൂടാതെ 17,000 കിലോ ഗ്രാം ഈന്തപ്പഴവും നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച് വിതരണം ചെയ്തു.
നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷക്കും അവരുടെ ഉപയോഗത്തിനും വേണ്ടി മാത്രമാണ് നയതന്ത്ര ചാനൽ ഉപയോഗിക്കുന്നത്. എന്നാൽ ഇതിന്റെ പരിരക്ഷയുടെ മറവിലാണ് മതഗ്രന്ഥങ്ങൾ കേരളത്തിലെത്തിക്കുകയും വിതരണംചെയ്യുകയും ചെയ്തത്.
അതേസമയം, ഇന്നലത്തെ എൻഐഎയുടെ ചോദ്യം ചെയ്യലിൽ ഖുര്‍ആന്‍ കൈപ്പറ്റിയത് കേന്ദ്രത്തെ എന്തുകൊണ്ട് അറിയിച്ചില്ല, എന്തുകൊണ്ട് എന്തുകൊണ്ട് മുൻകൂർ അനുമതി തേടിയില്ലെന്ന എൻഐഎയുടെ ചോദ്യത്തിന് ജലീൽ വ്യക്തമായ ഉത്തരം നൽകിയില്ല എന്നാണ് വിവരം. കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടത് കൊണ്ടെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. കോണ്‍സുലേറ്റുമായുള്ള ഇടപെടലില്‍ മന്ത്രി ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച മൊഴി എന്‍ഐഎ കേന്ദ്ര ഓഫീസിന് കൈമാറി.