സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിയ്ക്കപ്പെട്ടതിൽ ഏറ്റവും ഉയർന്ന കോവിഡ് പോസിറ്റീവ് കേസുകൾ ഇന്ന് രേഖപ്പെടുത്തി. 42 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂർ-12, കാസർകോട്-7, കോഴിക്കോട്-5, പാലക്കാട്-5,തൃശ്ശൂർ-4, മലപ്പുറം-4, കോട്ടയം-2, കൊല്ലം-1, പത്തനംതിട്ട-1,വയനാട്-1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ. കോവിഡ്-19 അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രണ്ടുപേർ രോഗമുക്തി നേടി.ഇന്ന് പോസിറ്റീവായതിൽ 21 പേർ മഹാരാഷ്ട്രയിൽനിന്നും 17പേർ വിദേശത്ത് നിന്നും വന്നതാണ്. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്ന് വന്ന ഒരോരുത്തർക്കും രോഗബാധയുണ്ടായി. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. തൃശ്ശൂരിൽ കോവിഡ് ബാധയെ തുടർന്ന് മരിച്ച ഖദീജക്കുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
ഇതുവരെ 732 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 216 പേർ നിലവിൽ ചികിത്സയിലാണ്. 84,258 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 83,649 പേർ വീടുകളിലോ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലോ ആണ്. 609 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു. 162 പേരെ ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതുവരെ 51310 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 49535 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽപ്പെട്ട 7,072 സാമ്പിൾ ശേഖരിച്ചതിൽ 6,630 സാമ്പിളുകൾ നെഗറ്റീവായി. കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 പേർ വീതമാണ് ചികിത്സയിലുള്ളത്. പാലക്കാട്-26, കാസർകോട്-21,കോഴിക്കോട്-19,തൃശ്ശൂർ-16 ഇങ്ങനെയാണ് കൂടുതൽ പേർ ചികിത്സയിലുള്ള മറ്റു ജില്ലകൾ. 28 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.