Top Stories
പെരുമ്പാവൂരിൽ മൂന്ന് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിൽ
കൊച്ചി : പെരുമ്പാവൂരിൽ മൂന്ന് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിലായി.ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിലാണ് തീവ്രവാദികൾ പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികളായ ഇവർ പെരുമ്പാവൂരിൽ ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച രാത്രി വീട് വളഞ്ഞാണ് എൻഐഎ ഇവരെ പിടികൂടിയത്. കൊച്ചിയിലും,ഡൽഹിയിലുമുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം എന്നാണ് ലഭിക്കുന്ന വിവരം. പിടിയിലായ മൂന്നുപേരും ബംഗാൾ സ്വദേശികളാണ്.
രാജ്യത്ത് 11 ഇടങ്ങളിലായി എൻഐഎ നടത്തിയ റെയ്ഡിൽ ഒമ്പത് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിലായി. പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നടത്തിയ റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പെരുമ്പാവൂരിൽ റെയ്ഡ് നടത്തിയത്. പിടിയിലായവരെ എൻഐഎ ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കൂടി സഹായത്തോടെയായിരുന്നു എൻഐഎ പെരുമ്പാവൂരിൽ റെയ്ഡ് നടത്തിയത്.
കസ്റ്റഡിയിൽ ഉള്ളവരിൽ ഒരാൾ പെരുമ്പാവൂരിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഏറെക്കാലമായി പെരുമ്പാവൂരിൽ താമസിച്ചുവന്നവരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. മുടിക്കലിൽ കുടുംബത്തോടൊപ്പമായിരുന്നു ഇവർ താമസിച്ചുവന്നത് എന്നാണ് വിവരം. പിടിയിലായവരിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ടന്നാണ് വിവരം.