Top Stories

പിടിയിലായത് പാകിസ്താൻ ആസ്ഥാനമായ അൽഖ്വയ്ദ അംഗങ്ങൾ

കൊച്ചി : പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഖ്വയ്ദയുമായി ബന്ധമുള്ളവരാണ് കൊച്ചിയിൽ ഉൾപ്പെടെ അറസ്റ്റിലായിരിക്കുന്നതെന്ന് എൻഐഎ. ഡൽഹിയിലും പരിസരപ്രദേശങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബോംബ് സ്‌ഫോടനം ഉൾപ്പെടെ ആക്രമണങ്ങൾ നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നു. 

തന്ത്ര പ്രധാന സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഇവർ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായി എൻഐഎ വ്യക്തമാക്കി. സാധാരണക്കാരായ ആളുകളെ കൊല്ലാൻ സംഘം പദ്ധതിയിട്ടിരുന്നു.അറസ്റ്റിലായവരിൽ നിന്ന് വലിയ തോതിലുള്ള ഇലക്ടോണിക്സ് ഉപകരണങ്ങളും, ജിഹാദി ലിറ്ററേച്ചർ, മൂർച്ചയേറിയ ആയുധങ്ങൾ, നാടൻ തോക്കുകൾ എന്നിവയും പിടികൂടിയിട്ടുണ്ട്. രാജ്യവിരുദ്ധ പ്രസംഗങ്ങളുടെയും മറ്റും കോപ്പികളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

കേരളത്തിൽ നിന്ന് അറസ്റ്റിലായ മൂന്ന് പേരും പെരുമ്പാവൂരിൽ തൊഴിലാളികളായി കഴിയുകയായിരുന്നു. പെരുമ്പാവൂരിലും പാതാളത്തും പുലർച്ചെ വീട് വളഞ്ഞാണ് എൻഐഎ സംഘം അൽഖ്വയ്ദ ഭീകരരെ പിടികൂടിയത്. ബംഗാൾ സ്വദേശികളായ മർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈൻ എന്നിവരാണ് പിടിയിലായത്. സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ കൂടി സഹായത്തോടെയായിരുന്നു എൻഐഎ എറണാകുളത്ത് റെയ്ഡ് നടത്തിയത്. പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നടത്തിയ റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എറണാകുളത്ത് രണ്ടിടത്ത് റെയ്ഡ്. പിടിയിലായവരെ എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്തുവരികയാണ്.

അറസ്റ്റിലായ ഒരാൾ പെരുമ്പാവൂരിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലിചെയ്തുവരികയായിരുന്നു. രാജ്യത്തിന്റെ 11 ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ ഒൻപത് തീവ്രവാദികളാണ് പിടിയിലായത്. കേരളത്തിൽ നിന്നും മൂന്നും ബംഗാളിൽ നിന്ന് ആറുപേരുമാണ് പിടിയിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button