Top Stories
കാർഷിക ബില്ലുകൾ രാജ്യസഭ പാസാക്കി
ന്യൂഡൽഹി : പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ ലോക്സഭ പാസാക്കിയ കാർഷിക ബില്ലുകൾ രാജ്യസഭയും പാസാക്കി. കടുത്ത പ്രതിഷേധങ്ങൾക്കിടയിൽ ശബ്ദ വോട്ടോടുകൂടിയാണ് ബില്ലുകൾ പാസാക്കിയത്. ബിൽ പാർലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകൾ സർക്കാർ പാസാക്കിയത്. കരാർ കൃഷി അനുവദിക്കലും ഉത്പന്ന വിപണന നിയന്ത്രണം നീക്കലും സംബന്ധിച്ച ആദ്യ രണ്ടു ബില്ലുകളാണ് പാസാക്കിയത്. ഒരു ബില്ല് കൂടി പാസാക്കാനുണ്ട്.
കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങളാണ് രാജ്യസഭയിൽ അരങ്ങേറിയത്. തൃണമൂൽ കോൺഗ്രസ് അംഗം ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് പ്രതിപക്ഷ അംഗങ്ങൾ ഇരച്ചുകയറി. ഡെറിക് ഒബ്രിയൻ ഉപാധ്യക്ഷന്റെ മൈക്ക് തകർക്കുകയും പേപ്പറുകൾ വലിച്ചുകീറുകയും ചെയ്തു. അംഗങ്ങൾ ബില്ലുകളുടെ പകർപ്പ് വലിച്ചുകീറി. പിന്നീട് നടുത്തളത്തിലിറങ്ങി പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി. കർഷകരുടെ മരണ വാറണ്ടാണ് ബില്ലുകളെന്ന് കോൺഗ്രസ് ആരോപിച്ചു.