സംസ്ഥാനത്ത് അതിതീവ്ര മഴ;5 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
തിരുവനന്തപുരം : കേരളത്തിൽ വരുന്ന മൂന്ന് ദിവസം അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. വടക്കൻകേരളത്തിൽ ഇന്ന് മഴ ശക്തമാകും. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടും. ന്യോൾ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തമാകും. റെഡ്, ഓറഞ്ച് അലർട്ടുകളുള്ള ജില്ലകളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഓരോ സംഘത്തെ നിയോഗിച്ചു.
മഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. നിലവിൽ 2376.68 ആയി. അണക്കെട്ടിന്റെ ആകെ സംഭരണശേഷിയുടെ 80.57 ശതമാനമാണിത്. മുല്ലപ്പെരിയാറിൽ 125.75 അടിയായി ജലനിരപ്പ് ഉയർന്നു. ലോവർ പെരിയാർ, കല്ലാർകുട്ടി, കുണ്ടറ, മലങ്കര എന്നീ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. മലങ്കരഡാമിന്റെ ആറ് ഷട്ടറുകൾ പത്ത് സെ.മി വീതമാണ് തുറന്നത്. തൊടുപുഴ, മൂവാറ്റുപുഴ ആറിന്റെ തീരദേശത്തുള്ളവർ ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മുൻപ് ദുരന്തമുണ്ടായിട്ടുള്ള എല്ലാം മേഖലകളിലും കടുത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.