തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ട് തീവ്രവാദികളെ എൻ.ഐ.എ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഒരു മലയാളി ഉൾപ്പെടെ രണ്ട് തീവ്രവാദികളെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. റിയാദിൽനിന്ന് ലുക്ക് ഔട്ട് നോട്ടീസ് നൽകി എത്തിച്ച രണ്ടുപേരാണ് അറസ്റ്റിലായത്. ബെംഗളുരു സ്ഫോടനക്കേസിൽ ഉൾപ്പെട്ട കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബാണ് പിടിയിലായിരിക്കുന്നത്. അറസ്റ്റിലായ രണ്ടാമത്തെയാൾ ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഗുൽനവാസ് ആണ്. ഡൽഹി ഹവാലക്കേസിലെ പ്രതിയാണ് ഗുൽനവാസ്. ഗുൽനവാസ് ലഷ്കർ ഇ തൊയ്ബെ പ്രവർത്തകനും ഷുഹൈബ് ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകനുമാണ്.
വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ റിയാദ് വിമാനത്തിലാണ് ഇവരുണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ടുമണിക്കൂറോളം ഇവരെ വിമാനത്താവളത്തിൽ വെച്ച് ചോദ്യം ചെയ്തു. ഇവരെ കൊച്ചിയിലെത്തിച്ചതിന് ശേഷം ഒരാളെ ബെംഗളുരുവിലേക്കും ഒരാളെ ഡൽഹിയിലേക്കും കൊണ്ടുപോകും.