നിയമസഭയിലെ കൈയാങ്കളി: എംഎൽഎമാർക്കെതിരായ കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി കോടതി തള്ളി
തിരുവനന്തപുരം : 2015ലെ ബജറ്റ് അവതരണസമയത്ത് നിയമസഭയിൽ നടന്ന കൈയാങ്കളിയിൽ അന്നത്തെ പ്രതിപക്ഷ എംഎൽഎമാർക്കെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി കോടതി തള്ളി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. അടുത്ത മാസം 15-ന് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകണം.
പൊതുമുതൽ അടക്കമുള്ള കുറ്റകൃത്യങ്ങൾ പ്രതികൾ നടത്തിയതിനാൽ കേസ് പിൻവലിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഹർജി പിൻവലിക്കരുതെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകരും കോട്ടയം സ്വദേശികളുമായ എം.ടി.തോമസ്, പീറ്റർ മയിലിപറമ്പിൽ എന്നിവർ ഹർജി നൽകിയിരുന്നു.
വി.ശിവൻ കുട്ടി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിൻവലിക്കാൻ സർക്കാർ കോടതിയെ സമീപിച്ചത്. നിയമസഭയിൽ നടന്ന കൈയാങ്കളി പരസ്യമായി ടി.വി. ചാനലുകളിലൂടെ നാട്ടുകാർ കണ്ടിട്ടുള്ളതാണ്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്ത പ്രതികൾക്കെതിരേ യാതൊരു നിയമ നടപടിയുമുണ്ടായില്ലെങ്കിൽ അത് നിയമവ്യവസ്ഥയോടുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ഹർജിക്കാർ വാദിച്ചു.
പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ മുൻ ധനമന്ത്രി കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്, ബജറ്റ് അവതരണത്തിനു ശ്രമിച്ച മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇതിനിടയിലാണ് പ്രതിപക്ഷ എം.എൽ.എ.മാർ സ്പീക്കറുടെ ഡയസ്സിൽ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകർത്തത്. വ്യവസായ മന്ത്രി ഇ.പി.ജയരാജൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞമ്മദ് മാസ്റ്റർ, സി.കെ.സദാശിവൻ,വി.ശിവൻകുട്ടി എന്നിവരാണ് കേസിലെ പ്രതികൾ.