കൊട്ടിയത്ത് യുവതിയുടെ ആത്മഹത്യ: സീരിയല്‍ നടിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപണം
കൊല്ലം : കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍. വഞ്ചനാകുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ലക്ഷ്മിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് ജസ്റ്റിസ് ഫോര്‍ റംസി എന്ന ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം.
പുതിയ സംഘം അന്വേഷണം തുടങ്ങിയെങ്കിലും ആരോപണ വിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് ആരോപണം. റംസി മരിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും കേസന്വേഷണം കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിനായി നടി നീക്കം തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. കേസില്‍ നേരത്തേ അറസ്റ്റിലായ പള്ളിമുക്ക് കൊല്ലൂര്‍വിള ഇക്ബാല്‍ നഗര്‍ കിട്ടന്റഴികത്ത് വീട്ടില്‍ ഹാരിഷിന്റെ സഹോദന്റെ ഭാര്യയാണ് ലക്ഷ്മി.
റംസിയും ഹാരിഷും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹാലോചന വന്നപ്പോള്‍ ഇയാള്‍ റംസിയെ ഒഴിവാക്കി.ഇതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.
റംസി ലക്ഷ്മിയുമായി നല്ല അടുപ്പത്തിലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ റംസിയും ലക്ഷ്മിയും ചേര്‍ന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരുന്നു. ഇരുവരും തമ്മിലുളള സന്ദേശങ്ങള്‍ കേസില്‍ നിര്‍ണായകമായേക്കും. നടിയേയും ഹാരിഷിന്റെ അമ്മയേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.