ലൈഫ് മിഷൻ കമ്മീഷൻ: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
തിരുവനന്തപുരം : ലൈഫ് മിഷൻ കമ്മീഷൻ ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. വിവാദവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും വിശദമായ അന്വേഷണം നടത്താനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ലൈഫ് മിഷൻ പദ്ധതിയിലെ കമ്മിഷൻ ഇടപാടിനെപ്പറ്റി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയിലൂടെയാണ് പുറത്തുവന്നത്. വിവാദമുണ്ടായി ഒന്നരമാസത്തിന് ശേഷമാണ് ആരോപണങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം ചർച്ച ചെയ്ത സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിലേക്ക് പോകണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ഇതിന് ശേഷം സർക്കാർ വിജിലൻസ് അന്വേഷണത്തിന്റെ സാധ്യതകൾ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ഉത്തരവ്. അതേസമയം വിജിലൻസ് അന്വേഷണമല്ല സിബിഐ അന്വേഷണമാണ് വേണ്ടതെന്ന നിലപാടിലാണ് പ്രതിപക്ഷം.