എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം
ചെന്നൈ : കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം. അദ്ദേഹം ചികിത്സയിൽ കഴിയുന്ന ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയർ വൃത്തങ്ങൾ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹംതന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്റർ സഹായം നൽകുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു.
സെപ്റ്റംബർ എട്ടിന് അദ്ദേഹം കോവിഡ് രോഗമുക്തി നേടി. എന്നാൽ, ശ്വാസകോശത്തിന്റെ സ്ഥിതി മോശമായതിനാൽ വെന്റിലേറ്റർ നീക്കിയിട്ടില്ലെന്ന് മകൻ എസ്.പി ചരൺ വ്യക്തമാക്കിയിരുന്നു. പിന്നീട് എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും അദ്ദേഹം വായിലൂടെ ഭക്ഷണം കഴിക്കാൻ തുടങ്ങിയെന്നും മകൻ അറിയിച്ചിരുന്നു.