എസ്.പി.ബി വിടവാങ്ങി
ചെന്നൈ : ഗായകൻ എസ്. പി. ബാലസുബ്രമണ്യം(74) അന്തരിച്ചു. ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ ഉച്ചയ്ക്ക് 1.04 നായിരുന്നു അന്ത്യം.
കോവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹംതന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്റർ സഹായം നൽകുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു. സെപ്റ്റംബർ എട്ടിന് അദ്ദേഹം കോവിഡ് രോഗമുക്തി നേടി. വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത്.
തുടര്‍ന്ന് ഇന്ന് രാവിലെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും ആശുപത്രിയിലേക്ക് വിളിപ്പിച്ചു. സഹോദരി എസ്.പി ഷൈലജ ഉള്‍പ്പടെയുളളവര്‍ അന്ത്യസമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നു.
1946 ജൂൺ 4ന് തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ ഹരികഥ കലാകാരനായിരുന്ന എസ് പി സാംബമൂർത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി ആന്ധ്ര പ്രദേശിലെ നെല്ലോരിലാണ് എസ്പിബി ജനിച്ചത്. ഗായിക എസ് പി ശൈലജയെകൂടാതെ രണ്ടു സഹോദരങ്ങളും നാല് സഹോദരിമാരുമുണ്ട്.
നടന്‍, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, ഡബിംഗ് ആര്‍ട്ടിസ്‌റ്റ് എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് എസ്.പി.ബി. തെന്നിന്ത്യൻ ഭാഷകൾ, ഹിന്ദി എന്നിവ ഉൾപ്പെടെ 16 ഇന്ത്യൻ ഭാഷകളിൽ 40000ത്തിലധികം പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ട്. ആറ് ദേശീയ പുരസ്കാരങ്ങളും ആന്ധ്ര പ്രദേശ് സർക്കാരിന്റെ 25 നന്ദി പുരസ്കാരങ്ങളും കലൈമാമണി, കർണാടക, തമിഴ്നാട് സർക്കാരുകളുടെ പുരസ്കാരങ്ങൾ എന്നിവയും ലഭിച്ചിട്ടുണ്ട്. ബോളിവുഡ്, ദക്ഷിണേന്ത്യൻ ഫിലിംഫെയർ പുരസ്കാരങ്ങളും ലഭിച്ചിരുന്നു. ഇന്ത്യൻ സിനിമയ്ക്കായി നൽകിയ സംഭാവനകൾ പരിഗണിച്ച് 2012ൽ എൻ ടി ആർ ദേശീയ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. പദ്മശ്രീ, പദ്മഭൂഷൻ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.