വിസ്മയ ഗായകന്‍ ഇനി ഓർമ്മ
ചെന്നൈ : വിസ്മയ ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ചെന്നൈയ്ക്ക് സമീപം തമാരപ്പാക്കത്തുള്ള എസ്പിബിയുടെ ഫാംഹൗസിലായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍. അദ്ദേഹത്തിന്റെ മകന്‍ എസ്.ബി ചരണാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.
പ്രിയ ഗായകനെ അവസാനമായി ഒരു നോക്കു കാണാന്‍ സിനിമാമേഖലയില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും നൂറുകണക്കിന് ആരാധകരുമാണ് റെഡ് ഹില്‍സില്‍ എത്തിയത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കോടമ്പാക്കത്തെ വീട്ടിൽനിന്നു എസ്പിബിയുടെ ഭൗതികദേഹം താമരപ്പാക്കത്ത് എത്തിച്ചത്. കോടമ്പാക്കത്തുനിന്ന് താമരപ്പാക്കത്തേക്കുള്ള അവസാന യാത്രയിൽ ഉടനീളം വഴിയരികിൽ കാത്തുനിന്ന് ആരാധകർ അദ്ദേഹത്തിന് ആദരാജ്ഞലി അർപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമായിരുന്നു മഹാഗായകന്‍ വിട പറഞ്ഞത്. ഹൃദയാഘാതമായിരുന്നു അദ്ദേഹത്തിന്റെ മരണ കാരണം. കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്പിബി കോവിഡ് നെഗറ്റീവ് ആയതിന് ശേഷവും ചികിത്സയിൽ തുടരുകയായിരുന്നു.അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടന്ന ആശ്വാസവാർത്തകൾ പുറത്ത് വന്നിരുന്നു. പിന്നാലെയാണ് സ്ഥിതി വഷളായതും മരണം സംഭവിച്ചതും.