യുട്യൂബറെ മർദ്ദിച്ച സംഭവം: ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്
തിരുവനന്തപുരം : സോഷ്യൽ മീഡിയയിൽ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളുള്ള വീഡിയോ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
വിജയ് പി നായരുടെ പരാതിയിലാണ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. അസഭ്യം പറഞ്ഞതിനും, ഭീഷണിപ്പെടുത്തിയതിനും മോഷണക്കുറ്റത്തിനുമാണ് ഇവർക്കെതിരെ കേസ്.
ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. തമ്പാനൂര്‍ ഗാന്ധാരിയമ്മന്‍ കോവില്‍ റോഡില്‍ ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജിലെത്തി കരി ഓയില്‍ ഒഴിച്ചശേഷം മര്‍ദ്ദിച്ച് മാപ്പ് പറയിച്ചു. മര്‍ദ്ദന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ദിയ ലൈവായി പങ്കുവച്ചിരുന്നു. അശ്ളീല പരാമര്‍ശങ്ങള്‍ നടത്തിയ വീഡിയോകള്‍ സംഘം സംഭവസ്ഥലത്തു വച്ച് യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യിച്ചു. കൂടാതെ ലാപ്ടോപും മൊബൈല്‍ ഫോണും പിടിച്ചെടുത്ത് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.