അഴിമതി പാലം പൊളിച്ചു തുടങ്ങി
കൊച്ചി : പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങി. എട്ടുമാസത്തിനുള്ളിൽ പാലം പൊളിച്ചു പണിയുകയാണ് ലക്ഷ്യം. പാലം പൊളിക്കുന്നതിന് മുന്നോടിയായി രാവിലെ എട്ടരയോടെ പൂജാ കര്‍മ്മങ്ങള്‍ നടന്നു. രാവിലെ ഒമ്പതു മണിയോടെ പാലം പൊളിക്കുന്നതിനുള്ള പ്രാഥമിക നടപടി ക്രമങ്ങൾ ആരംഭിച്ചു.
ഡി.എം.ആർ.സി. ചീഫ് എൻജിനീയർ ജി. കേശവ ചന്ദ്രനാണ് പാലാരിവട്ടം മേൽപ്പാലം പൊളിച്ചു പണിയാനുള്ള ചുമതല. 661 മീറ്റര്‍ ദൂരം വരുന്ന പാലത്തിന്റെ ടാര്‍ ഇളക്കിമാറ്റുന്നതാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുക. ഡി.എം.ആർ.സിയുടെയും ഊരാളുങ്കൽ സൊസൈറ്റിയുടെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
രാത്രിയും പകലും പാലം നിര്‍മ്മാണ ജോലികള്‍ നടക്കും. പ്രധാന ജോലികള്‍ രാത്രിയില്‍ നടത്താനാണ് ആലോചന. അടുത്തയാഴ്ച തന്നെ ഗര്‍ഡറുകള്‍ നീക്കുന്ന ജോലിയും തുടങ്ങും. യാത്രക്കാരെ വലിയ തോതില്‍ ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. പാലം പൊളിക്കുമ്പോഴുള്ള പൊടിശല്യം കുറയ്ക്കാനായി നെറ്റ് കർട്ടൻ വിരിക്കും. ഒപ്പം വെള്ളവും നനച്ചു കൊടുക്കും.
ആകെയുള്ള 17 സ്പാനിൽ 15 എണ്ണം കട്ടുചെയ്ത് നീക്കി പ്രീ സ്ട്രെസ്ഡ് ഗർഡറുകൾ സ്ഥാപിക്കാനാണ് നിലവിലെ തീരുമാനം. പാലത്തിന്റെ മധ്യഭാഗത്തേയും ഇടപ്പള്ളി ഭാഗത്തെ ഒരു സ്പാനും പ്രീ സ്ട്രെസ്ഡ് ഗർഡർ ആയതിനാലാണ് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പാലം പൊളിച്ചു തുടങ്ങുമ്പോൾ തകരാർ ശ്രദ്ധയിൽപ്പെട്ടാൽ ഇതും നീക്കും. പാലത്തിലെ ടാറിങ് പൂർണമായും നീക്കിയ ശേഷമായിരിക്കും സ്പാനുകൾ കഷ്ണങ്ങളായി മുറിക്കുന്നത്.