Top Stories

ബാബറി മസ്ജിദ് കേസ്: 32 പ്രതികളേയും വെറുതെ വിട്ടു

ന്യൂഡല്‍ഹി : ബാബറി മസ്ജിദ് കേസില്‍ 32 പ്രതികളേയും വെറുതെ വിട്ടു. മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്‌തിട്ടല്ലെന്ന് ലഖ്‌നൗ സി.ബി.ഐ കോടതി വിധി പ്രസ്‌താവിച്ചു. സി.ബി.ഐ കോടതിയില്‍ ഹാജരാക്കിയ ഫോട്ടോഗ്രാഫുകള്‍ തെളിവായി അംഗീകരിക്കാന്‍ കഴിയില്ല. ഗൂഢാലോചന നടത്തിയതിന് തെളിവുകള്‍ മുന്നോട്ട് വയ്‌ക്കാന്‍ സി.ബി.ഐയ്‌ക്ക് കഴി‌ഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. കനത്ത സുരക്ഷയിലാണ് ലഖ്‌നൗ കോടതി വിധി പ്രസ്‌താവിച്ചത്.

പളളി തകര്‍ത്തതുമായി ബന്ധപ്പെട്ട 49 കേസുകളിലും ഒരുമിച്ചാണ് സെഷന്‍സ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് വിധി പറഞ്ഞത്. ആള്‍ക്കൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചത്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

1992 ഡിസംബര്‍ ആറിന് അയോദ്ധ്യ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്ബര്‍ 197 / 1992 , ക്രൈം നമ്ബര്‍ 198/1992 എന്നീ കേസുകളിലെ വിധിയാണ് ഇന്ന് കോടതി പറഞ്ഞത്. രണ്ടായിരത്തിലധികം പേജുളളതായിരുന്നു വിധി. 32 പ്രതികളില്‍ 26 പേരാണ് കോടതിയില്‍ എത്തിയത്. കോടതി വിധി പറയുന്ന പശ്‌ചാത്തലത്തില്‍ അയോദ്ധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ പങ്കില്ലെന്നും ഗൂഡാലോചന നടത്തിയിട്ടില്ലെന്നുമാണ് എല്‍.കെ അദ്വാനിയും ജോഷിയും മൊഴി നല്‍കിയത്. പക്ഷെ, മസ്ജിദ് തകര്‍ക്കുമ്പോള്‍ ഈ നേതാക്കളുടെയെല്ലാം സാന്നിദ്ധ്യം ആ പ്രദേശത്ത് ഉണ്ടായിരുന്നു. ഇതെല്ലാം കോടതി വിശദമായി പരിശോധിച്ചു. 2001ല്‍ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് അദ്വാനി ഉള്‍പ്പടെയുള്ളവരെ അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. അത് റദ്ദാക്കിയ സുപ്രീംകോടതി കേസില്‍ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് 2017ല്‍ വിധിച്ചു. വിചാരണക്കായി പ്രത്യേക കോടതിയും രൂപീകരിച്ചു. 354 സാക്ഷികളെ വിസ്തരിയ്ക്കുകയും ആയിരക്കണക്കിന് രേഖകള്‍ പരിശോധിക്കുകയും ചെയ്യ്തു.

27 വര്‍ഷത്തിനു ശേഷമാണ് പ്രത്യേക കോടതി വിധി പറയുന്നത്. എല്‍കെ അദ്വാനിയെ കൂടാതെ മുന്‍ കേന്ദ്രമന്ത്രി മുരളീ മനോഹര്‍ ജോഷി, മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി, യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങ് എന്നിവര്‍ ഉള്‍പ്പെടെ 32 പേരാണ്, മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനകേസില്‍ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. എല്ലാ പ്രതികളും വിധി പ്രസ്താവ സമയത്ത് ഹാജരാവണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും അദ്വാനിയും ജോഷിയും കല്യാണ്‍ സിങ്ങും ഉമാഭാരതിയും എത്തിയില്ല. വിനയ് കത്യാര്‍, സാധ്വി ഋതംബര, സാക്ഷി മഹാരാജ്, ധരംദാസ്, വേദാന്തി, ലല്ലു സിങ്, ചംപത് റായി, പവന്‍ പാണ്ഡേ തുടങ്ങി 27 പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button