Top Stories

അൺലോക്ക് 5: സ്കൂളുകളും സിനിമാ തീയേറ്ററുകളും തുറക്കാം

ന്യൂഡൽഹി : രാജ്യത്ത് അൺലോക്ക് 5 ന്റെ ഭാഗമായി സ്കൂളുകളും സിനിമാ തീയേറ്ററുകളും തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഒക്ടോബർ 15 മുതലാണ് അൺലോക്ക് 5 ന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ തുറന്ന് പ്രവർത്തിയ്ക്കാനാകുക.  എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് അന്തിമ തീരുമാനമെടുക്കാം.

50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകള്‍ തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പാലിക്കേണ്ട നടപടി ക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കും.

കായിക താരങ്ങൾക്ക് പരീശിലനത്തിനായി സ്വിമ്മിങ് പൂളുകൾ, പാർക്കുകൾ എന്നിവ പ്രവർത്തിയ്ക്കാനും അനുമതിയുണ്ട്. എല്ലാ വിധ ആള്‍ക്കൂട്ടങ്ങള്‍ക്കും ഒരു അടച്ചിട്ട ഹാളിനകത്ത് 50 ശതമാനം  ആളുകളെ അനുവദിക്കാം. തുറസായ സ്ഥലത്ത് മൈതാനത്തിന്റെ വലിപ്പം അനുസരിച്ച്‌ ആളുകളെ അനുവദിക്കാം.കൺടെയ്ൻമെന്റ് സോൺ അല്ലാത്തയിടങ്ങളിലാണ് ഈ ഇളവുകൾ.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ ഇവരുടെ കൂടി അനുമതി വാങ്ങി വേണം സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ തീരുമാനമെടുക്കാന്‍. സ്കൂളുകളില്‍ ക്ലാസില്‍ ഹാജരാവാന്‍ ആഗ്രഹിക്കാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് അവസരം ഒരുക്കണം. മാതാപിതാക്കളുടെ രേഖമൂലമുള്ള സമ്മത പത്രത്തോടെ മാത്രമേ കുട്ടികളെ നേരിട്ട് ക്ലാസില്‍ പങ്കെടുപ്പിക്കാവൂ. ഹാജര്‍ നിര്‍ബന്ധിക്കരുത്. ഇതിന് മാതാപിതാക്കളുടെ സമ്മതം വാങ്ങണം. വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച്‌ വേണം ക്ലാസുകള്‍ പ്രവര്‍ത്തിക്കാനെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സയന്‍സ് വിഷയങ്ങളില്‍ പിജി, പിഎച്ച്‌ഡി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാബ് ചെയ്യുന്നതിന് ഒക്ടോബര്‍ 15 മുതല്‍ അവസരം നല്‍കണം. കേന്ദ്ര സര്‍വകലാശാലകളില്‍ വകുപ്പ് മേധാവികള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാം. സംസ്ഥാന യൂണിവേഴ്സിറ്റികള്‍, സ്വകാര്യ സര്‍വകലാശാലകള്‍, കോളേജുകള്‍ എന്നിവയുടെ കാര്യത്തില്‍ ലാബ് സൗകര്യം ഒഴികെയുള്ള എന്ത് തീരുമാനവും സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയാവണം.

കേന്ദ്ര സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെ കൺടെയ്ൻമെന്റ് സോണിന് പുറത്ത് പ്രാദേശിക ലോക്ഡൗൺ (സംസ്ഥാന/ജില്ല/സബ് ഡിവിഷൻ/നഗര/വില്ലേജ് തല) പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു. അന്തർ സംസ്ഥാന യാത്രകൾക്ക് യാതൊരു തരത്തിലുള്ള തടസ്സങ്ങളും പാടില്ലെന്നും കേന്ദ്രം നിർദേശിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button