Top Stories

ലൈഫ് മിഷൻ: സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി : ലൈഫ് മിഷൻ കേസിൽ സിബിഐക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ലൈഫ്മിഷൻ സി ഇ ഒ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചത്. സർക്കാരിന് വേണ്ടി ലൈഫ് മിഷൻ സി.ഇ.ഒ ആണ് ഹർജി നൽകിയത്. എന്നാൽ സിബിഐ അന്വേഷണം റദ്ദാക്കാനോ ഇടക്കാല ഉത്തരവ് നൽകാനോ കോടതി തയ്യാറായില്ല. വാദം തുടരാനായി കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് വി ജി വരുണിന്റെ ബഞ്ചിന്റെതാണ് നടപടി.

സർക്കാർ ഫ്ലാറ്റ് നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി കൊടുക്കുക മാത്രമാണ് ചെയ്തതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഒരു പണമിടപാടും നടത്തിയിട്ടില്ലെന്നും ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നും സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു.

പാവങ്ങൾക്ക് വീട് വെച്ച് നൽകാനുള്ള പദ്ധതിയാണ് ലൈഫ് മിഷൻ. പ്രളയദുരിതത്തെ തുടർന്ന് യു എ ഇ റെഡ്ക്രസന്റ് സഹായം നൽകുകയാണ് ചെയ്തത്. ലൈഫ്മിഷൻ പദ്ധതി വിദേശ സഹായത്തിന്റെ പരിധിയിൽ വരില്ലെ. കോൺഗ്രസ് നേതാവ് രാഷ്ട്രീയ വൈരാഗ്യം വെച്ച് നൽകിയ പരാതിയാണെന്നും സർക്കാർ ഹൈകോടതിയിൽ വാദിച്ചു. സർക്കാരിന് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ കെ വി വിശ്വനാഥനാണ് വീഡിയോ കോൺഫറൻസ് വഴി ഹാജരായത്.

അതേസമയം ലൈഫിൽ അന്വേഷണം വേണമെന്നും അന്വേഷണം നടന്നാൽ മാത്രമേ ക്രമക്കേട് കണ്ടെത്താൻ കഴിയുവെന്നും സിബിഐ കോടതിയിൽ വാദിച്ചു. കേസിൽ പ്രതിയല്ലാത്ത ഒരാൾക്ക് എങ്ങനെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ കഴിയുന്നതെന്നും സി ബി ഐ കോടതിയിൽ വാദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button