News
ശസ്ത്രക്രിയയ്ക്ക് വിധേയയായ പെൺകുട്ടി മരിച്ചതിന്റെ വിഷമത്തിൽ ഡോക്ടർ ആത്മഹത്യ ചെയ്തു
കൊല്ലം : ശസ്ത്രക്രിയയ്ക്ക് വിധേയയായ പെൺകുട്ടി മരിച്ചതിൽ മനോവിഷമത്തിലായ ഡോക്ടർ ആത്മഹത്യ ചെയ്തു. കടപ്പാക്കട അനൂപ് ഓർത്തോ കെയർ ഉടമ ഡോ. അനൂപ് കൃഷ്ണൻ (37) ആണ് വ്യാഴാഴ്ച രാവിലെ കൈഞരമ്പ് മുറിച്ചശേഷം തൂങ്ങിമരിച്ചത്.
അനൂപ് ഓർത്തോ കെയറിൽ കാലിന്റെ വളവ് മാറ്റാൻ ശസ്ത്രക്രിയ നടത്തിയ എഴുകോൺ മാറനാട് കുറ്റിയിൽ പുത്തൻവീട്ടിൽ ആദ്യ എസ്.ലക്ഷ്മി (7) മരിച്ചിരുന്നു. ശസ്ത്രക്രിയ പൂർത്തിയാകുന്ന ഘട്ടത്തിൽ കുട്ടിക്ക് ഹൃദയാഘാതമുണ്ടാകുകയും തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കാൻ നിർദേശിക്കുകയും ആശുപത്രിയിലെത്തും മുമ്പ് കുട്ടി മരിക്കുകയും ചെയ്തു. ചികിത്സപ്പിഴവുമൂലമാണ് കുട്ടി മരിച്ചതെന്നു കാട്ടി ബന്ധുക്കൾ കൊല്ലം ഈസ്റ്റ് പോലീസിൽ പരാതി നൽകി. ഇതിൽ അന്വേഷണം നടന്നുവരികയായിരുന്നു. ആശുപത്രിക്കുമുന്നിൽ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും നടന്നിരുന്നു.
ബുധനാഴ്ചയോടെ വീട്ടിൽ നിന്നും കാണാതായ അനൂപിനെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആത്മഹത്യചെയ്തനിലയിൽ കണ്ടത്തുകയായിരുന്നു. ടൗൺ ലിമിറ്റ് പ്രതീക്ഷ നഗർ-31 ഭദ്രശ്രീയിൽ ഡോ. ഉണ്ണിക്കൃഷ്ണന്റെയും രതീഭായിയുടെയും മകനാണ് ഡോ. അനൂപ്. കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയിലെ ഡോ. അർച്ചന ബിജുവാണ് അനൂപിന്റെ ഭാര്യ. മകൻ: ആദിത്യകൃഷ്ണ. സംസ്കാരം ഇന്ന് രാവിലെ പത്തിന് പോളയത്തോട് ശ്മശാനത്തിൽ.