Top Stories

അടല്‍ തുരങ്കം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

മണാലി : ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നീളമേറിയ തുരങ്കമായ അടല്‍ ടണല്‍ നാടിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്, ഹിമാചൽ മുഖ്യമന്ത്രി ജയ്റാം താക്കൂർ തുടങ്ങിയവര്‍ പങ്കെടുത്തു. മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന  9.02 കിലോമീറ്റർ നീളമുള്ള തുരങ്കം സമുദ്ര നിരപ്പില്‍ നിന്നും 3000 മീറ്റര്‍ അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.10 വർഷമെടുത്താണ് തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. തുരങ്കപാത യാഥാർഥ്യമായതോടെ മണാലി-ലേ യാത്രാ ദൂരം 46 കിലോമീറ്റർ കുറയ്ക്കുകയും യാത്രാസമയം അഞ്ച് മണിക്കൂർ കുറയുകയും ചെയ്യും. മണാലി-ലഡാക്ക് ദേശീയപാതയിൽ റോഹ്തങ് ചുരത്തിലെ മഞ്ഞു മലകൾക്കടിയിലൂടെയാണ് അടൽ ടണൽ നിർമിച്ചിരിക്കുന്നത്. മഞ്ഞുകാലത്ത് ആറു മാസത്തോളം അടഞ്ഞു കിടക്കുന്ന റോഹ്തങ് ചുരം ഒഴിവാക്കി അടൽ ടണൽ വഴി യാത്രചെയ്യാം.ജമ്മു കാശ്‌മീരിലെ തന്ത്രപ്രധാന മേഖലകളിലേക്ക് സൈനികരുടെ നീക്കങ്ങള്‍ വേഗത്തിലാക്കാനും ഈ മാര്‍ഗം സഹായിക്കും. രാജ്യത്തെ പ്രധാന സൈനിക പോസ്റ്റായ ലാഹോളിലേക്ക് ഇന്ത്യൻ സൈന്യത്തിന് ഏത് കാലാവസ്ഥയിലും പ്രവേശിക്കാനാവും. അതിർത്തിയിലേക്ക് അടിയന്തരഘട്ടത്തിൽ കൂടുതൽ യുദ്ധസാമഗ്രികൾ കാലതാമസം കൂടാതെ എത്തിക്കാൻ ഈ തുരങ്കം സഹായകമാകും.തുരങ്കത്തിനുള്ളിൽ വാഹനങ്ങൾക്ക് മണിക്കൂറിൽ പരമാവധി 80 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. പ്രതിദിനം 3,000 കാറുകളും 1,500 ട്രക്കുകളും തുരങ്കത്തിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനുള്ള തീപിടിത്തം ബാധിക്കാത്ത മറ്റൊരു സമാന്തര പാതയും തുരങ്കത്തിന്റെ ഭാഗമാണ്.2000 ജൂണ്‍ മൂന്നിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.  വാജ്‌പേയിയോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ തുരങ്കത്തിന് അടല്‍ ടണല്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്. റോഹ്‌തംഗ് ടണല്‍ എന്നറിയപ്പെടുന്ന അടല്‍ ടണല്‍ 3200 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനായിരുന്നു തുരങ്കത്തിന്റെ നിര്‍മ്മാണ ചുമതല. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ ചീഫ് എഞ്ചിനിയര്‍ കണ്ണൂര്‍ സ്വദേശിയായ സ്വദേശി കെ.പി പുരുഷത്തമന്റെ നേതൃത്വത്തിലാണ് ടണല്‍ നിര്‍മ്മാണം പൂര്‍ത്തിയായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button