Top Stories

സംസ്ഥാനത്ത് ഇന്ന് മുതൽ എല്ലാ ജില്ലകളിലും നിരോധനാജ്ഞ

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. ഇന്നുമുതൽ ഒക്ടോബർ 31 വരെ എല്ലാ ജില്ലകളിലും കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. വിവാഹം, മരണാനന്തര ചടങ്ങുകളില്‍ നിലവിലുള്ള ഇളവ് തുടരും. വിവാഹത്തിന് അന്‍പത് പേര്‍ക്കും സംസ്‌കാര ചടങ്ങുകളില്‍ 20 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതി. സര്‍ക്കാര്‍, രാഷ്ട്രീയ, മത, സാംസ്‌കാരിക ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. തിരുവനന്തപുരത്ത് കൺടെയ്ൻമെന്റ് സോണുകളിൽ വിവാഹത്തിന് 20 പേർക്ക് മാത്രമേ അനുമതിയുളളൂ.

കൺടെയ്ൻമെന്റ് സോണിന് പുറത്തേക്ക് അനാവശ്യ യാത്രകൾ പാടില്ല. കൺടെയ്ൻമെന്റ് സോണുകൾക്ക് അകത്തും പുറത്തും ആളുകൾ കൂട്ടം കൂടാൻ പാടില്ല. അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നത് വിലക്കും. കടകൾ, ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ തുറന്നുപ്രവർത്തിക്കും. പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക.

പൊതുസ്ഥലത്ത് ആൾകൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളും പോലീസും ശ്രമിക്കും. ഹോട്ടൽ, റെസ്റ്റോറന്റുകൾ, മറ്റ് കടകൾ എന്നിവിടങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കണ്ടാൽ അത് നിരോധനാജ്ഞയുടെ ലംഘനമായി കണക്കാക്കും. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങരുത്. കഴിയുന്നതും വീടുകളില്‍ത്തന്നെ കഴിയണം.

സി.ആര്‍.പി.സി 144 പ്രകാരം ജില്ലാ കളക്ടർമാരാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച (ഒക്ടോബര്‍ 3) രാവിലെ ഒന്‍പതു മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോവിഡ് രോഗികളുടെ എണ്ണം കൂടുതൽ ആകുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button