Top Stories
ഐഫോൺ വിവാദം: ചെന്നിത്തല സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ് അയച്ചു
തിരുവനന്തപുരം : സ്വപ്ന സുരേഷ് തനിക്ക് ഐഫോൺ നൽകിയെന്ന സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ നൽകിയ സത്യവാഗ്മൂലം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ് അയച്ചു. പതിനഞ്ച് ദിവസത്തിനകം പ്രസ്ഥാവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.
ഏറ്റവും കുറഞ്ഞത് മൂന്ന് പ്രധാന മാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രസിദ്ധീകരിക്കണം. അല്ലാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ആവശ്യപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും ചെന്നിത്തല വക്കീൽ നോട്ടീസിൽ അറിയിച്ചു.ആരോപണത്തിന് പിന്നിൽ സി.പി.എം ആണെന്ന് ചെന്നിത്തല ആരോപിയ്ക്കുന്നു.
ഇപ്പോൾ ഫോൺ ഉപയോഗിക്കുന്ന ആളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും അന്വേഷണത്തിന് തടസ്സമുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്നാണ് വക്കീൽ നോട്ടീസ് അയക്കാൻ തീരുമാനിച്ചത്. ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരേ സന്തോഷ് ഈപ്പൻ ഹൈക്കോടതയിൽ നൽകിയ ഹർജിയിലാണ് ഐഫോൺ നൽകിയ കാര്യം വ്യക്തമാക്കിയത്.