രാജ്യത്തെ സ്കൂളുകൾ തുറക്കുന്നു
ന്യൂഡൽഹി : ഈ മാസം അവസാനത്തോടെ രാജ്യത്തെ സ്കൂളുകൾ തുറക്കുന്നു. സെപ്തംബർ 21 മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. ഒൻപതാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായാണ് സ്കൂളുകൾ തുറക്കുന്നത്.
കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സ്കൂളുകൾ തുറക്കാമെന്നാണ് നിർദേശം. ഫേസ് മാസ്ക്, സാമൂഹിക അകലം തുടങ്ങിയ മാർഗനിർദേശങ്ങൾ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികൾ തമ്മിൽ കുറഞ്ഞത് ആറ് മീറ്റർ അകലം ഉണ്ടായിരിക്കണം. ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കും.
രാജ്യത്ത് കൊവിഡ് വ്യാപനത്തിന് പിന്നാലെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് സ്കൂളുകൾ ഉൾപ്പെടെ അടച്ചിട്ടത്. രാജ്യം അൺലോക്ക് പ്രക്രിയയുടെ നാലാം ഘട്ടത്തിലേക്ക് കടന്നതോടെ മെട്രോ സർവീസുകളടക്കം പ്രവർത്തിപ്പിക്കാൻ തീരുമാനമായി. ഇതിന് പിന്നാലെയാണ് സ്കൂളുകളും തുറക്കാൻ തീരുമാനമായത്.