ജീവനക്കാരുടെ സസ്‌പെൻഷൻ: മെഡിക്കല്‍ കോളജുകളിൽ ഡോക്ടർന്മാർ രണ്ടു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിക്കുന്നു
തിരുവനന്തപുരം : രോഗിയെ പുഴുവരിച്ച സംഭവത്തിൽ മെഡിക്കല്‍ കോളേജ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തതിൽ പ്രതിഷേധം വ്യാപകമാക്കി ഡോക്‌ടര്‍മാരുടെ സംഘടനകള്‍. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും രണ്ടു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിച്ച് കൊണ്ടുളള ഡോക്‌ടര്‍മാരുടെ പ്രതിഷേധ സമരം തുടങ്ങി.
ഡിസ്ചാര്‍ജ് ചെയ്‌ത കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരണമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനകളുടെ തീരുമാനം. കൊവിഡ് ചികിത്സ, അത്യാഹിത വിഭാഗം, ഐ.സി.യു എന്നീ വിഭാഗങ്ങളെ ബാധിക്കാതെയാണ് ഡോക്‌ടര്‍മാര്‍ പ്രതിഷേധിക്കുന്നത്.
സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് ഒ.പി ബഹിഷ്‌കരിക്കാനാണ് നിലവിലെ ആലോചന. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൂചന സമരത്തിനും, റിലേ സത്യാഗ്രഹത്തിനും പിന്നാലെയാണ് ഒ.പി ഉള്‍പ്പടെ ബഹിഷ്‌കരിച്ച് ഡോക്‌ടര്‍മാര്‍ പ്രതിഷേധം വ്യാപിപ്പിക്കുന്നത്.
രോഗിയെ പുഴുവരിച്ച സംഭവത്തില്‍ കൊവിഡ് നോഡല്‍ ഓഫീസറെയും രണ്ട് ഹെഡ് നഴ്‌സുമാരെയുമാണ് ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ വിശദമായ അന്വേഷണം തുടരുകയാണ്. ജീവനക്കാരുടെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് എല്ലാ മെഡിക്കല്‍ കോളജുകളിലേയും കൊവിഡ് നോഡല്‍ ഓഫീസര്‍മാര്‍ കൂട്ടമായി സ്ഥാനമൊഴിഞ്ഞിരുന്നു.