News
തൃശ്ശൂരിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു
തൃശ്ശൂർ : ചിറ്റിലങ്ങാട് സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. മൂന്നുപേർക്ക് വെട്ടേറ്റു. ജിതിൻ, വിബിൻ, ഇവരുടെ സുഹൃത്ത് എന്നിവർക്കാണ് വെട്ടേറ്റത്.
ഞായറാഴ്ച രാത്രി 10.30 ഓടെ കുന്നംകുളത്തിനടുത്തുള്ള ഇയാലെന്ന സ്ഥലത്തുവെച്ചാണ് സംഭവം. സംഭവസ്ഥലത്തുവെച്ച് തന്നെ സനൂപ് മരിച്ചു. പരിക്കേറ്റവരെ കുന്നംകുളത്തെയും, തൃശ്ശൂരിലെയും സ്വകാര്യ ആശുപത്രികളിലും തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം കുന്നംകുളത്തുവെച്ച് കണ്ടെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. മേഖലയിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എരുമപ്പെട്ടി പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തിന് പിന്നിൽ ബിജെപി ആണെന്ന് സിപിഎം ആരോപിച്ചു.