എസ്.എൻ ഓപ്പൺ യൂണിവേഴ്‌സിറ്റി വിസി നിയമനം പുനപരിശോധിക്കണം: ഡി.എസ്.ജെ.പി
കൊച്ചി : ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി ഡോ. മുബാറക് പാഷയെ നിയമിക്കാനുള്ള സംസ്ഥാനസർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി.എസ്.ജെ.പി).
നിയമനത്തില്‍ ശരിയായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും, അർഹരായ മറ്റു സ്ഥാനാർത്ഥികളെ അവഗണിച്ചിട്ടില്ലെന്നും ചാൻസലർ എന്ന നിലയിൽ ഉറപ്പുവരുത്തണമെന്നു ആവശ്യപ്പെട്ടു ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പാര്‍ട്ടി കത്തും അയച്ചു.
‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന് തുടങ്ങി ഗുരുദേവന്റെ ഗഹനമായ ആശയങ്ങളിലും ഉന്നതമായ തത്ത്വചിന്തകളിലും അവഗാഹമുള്ള പണ്ഡിതനായിരിക്കണം ഈ സർവകലാശാലയുടെ വിസി. കൂടാതെ, പ്രായപരിധി പാലിക്കാതെ ശ്രീ എസ് വി സുധീറിനെ പ്രോ വിസിയായി നിയമിച്ചത് യുജിസിയുടെ അംഗീകാരം കിട്ടാതിരിക്കാന്‍ കാരണമാവും. തന്മൂലം ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് അവതാളത്തില്‍ ആവാന്‍ പോകുന്നത് ഡി എസ് ജെ പി പ്രസിഡന്റ് കെ എസ് ആർ മേനോൻ പറഞ്ഞു.
ഗുരുദേവന്റെ പേരിൽ ഒരു സർവകലാശാല സ്ഥാപിക്കുന്നതിനെ കേരളത്തിലെ ജനങ്ങൾ സ്വാഗതം ചെയ്തിരുന്നുവെങ്കിലും തുടക്കം മുതൽ തന്നെ വിവാദങ്ങളാൽ അതിന്റെ പേര് കളങ്കപ്പെടാതിരിക്കാൻ സർക്കാർ ഉറപ്പ് വരുത്തേണ്ടതായിരുന്നുവെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.