News

സംസ്ഥാനത്ത് ബാറുകൾ എന്ന് തുറക്കുമെന്ന് ഇന്നറിയാം

തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ എങ്ങനെ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കാമെന്നാണ് യോഗം ചര്‍ച്ച ചെയ്യുക. രാവിലെ 11 മണിക്കാണ് യോഗം. മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ എക്സൈസ് മന്ത്രി, കമ്മിഷണര്‍, ബീവറേജസ് കോര്‍പ്പറേഷന്‍ എം.ഡി, നികുതി വകുപ്പ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവരാണ് പങ്കെടുക്കുന്നത്.

ബാറുകള്‍ തുറക്കാനുള്ള ശുപാര്‍ശ അടങ്ങിയ ഫയല്‍ മുന്‍പ് എക്സൈസ് കമ്മിഷണര്‍ മന്ത്രി വഴി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചെങ്കിലും തീരുമാനമെടുത്തിരുന്നില്ല. കോവിഡ് വ്യാപിക്കുന്ന സാഹചര്യവും 144 പ്രഖ്യാപിച്ചതും കണക്കിലെടുത്താണു തീരുമാനം വൈകിയത്. എന്നാല്‍, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മറ്റു സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നു. ഇത് ചൂണ്ടിക്കാട്ടി ബാറുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഓണേഴ്സ് അസോസിയേഷനും സര്‍ക്കാരിനെ സമീപിച്ചിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ റെസ്റ്റോറന്റുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച സാഹചര്യത്തില്‍ ബാറുകളിലും മദ്യം വിളമ്പാന്‍ അനുവദിക്കണമെന്നാണ് ബാറുടമകളുടെ ആവശ്യം. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശ പ്രകാരം എക്സൈസ് വകുപ്പ് കഴിഞ്ഞയാഴ്ച വീണ്ടും ശുപാര്‍ശ നല്‍കി. ആരോഗ്യവകുപ്പിന്റെ നിലപാട് അനുസരിച്ചായിരിക്കും അന്തിമ തീരുമാനം. ബാറുകള്‍ തുറക്കാന്‍ തീരുമാനിച്ചാല്‍ കൗണ്ടര്‍ വഴിയുള്ള വില്‍പന അവസാനിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button