സ്മിതാ മേനോൻ മന്ത്രിതല യോഗത്തില്‍ പങ്കെടുത്ത സംഭവം: പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി
ന്യൂഡല്‍ഹി : അബുദാബിയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പി.ആർ ഏജൻസി ഉടമയും നിലവിൽ മഹിളാ മോർച്ച നേതാവുമായ സ്മിത മേനോൻ പങ്കെടുത്ത സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പില്‍ നിന്നും റിപ്പോര്‍ട്ട് തേടി. പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്ന പരാതിയെ തുടർന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരണം തേടിയത്.
സംഭവത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന് ഗുരുതര ചട്ടലംഘനം നടത്തി എന്ന് നേരത്തെ നയതന്ത്ര വിദഗ്ദ്ധര്‍ ഉള്‍പ്പടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടി. വിദേശ കാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി കൂടിയായ അരുൺ കെ ചാറ്റർജിയോട് ഇത് സംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
കേന്ദ്രമന്ത്രി വി മുരളീധരന്റെ അനുമതിയോടെയാണ് യു.എ.ഇയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പങ്കെടുത്തതെന്ന് വിശദീകരിച്ച് സ്മിത മേനോന് രംഗത്തെത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി കൊടുക്കേണ്ടത് താനാണോ എന്ന് പ്രതികരിച്ച മന്ത്രി അവര്‍ക്ക് മാത്രമല്ലല്ലോ അനുമതി എന്ന് പിന്നീട് തിരുത്തി.
2019-ലായിരുന്നു 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകൂടിയ വേദിയിൽ ഔദ്യോഗിക പ്രതിനിധിപോലും അല്ലാത്ത യുവതി എത്തിയത്. ഇവരെ രാജ്യ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ പങ്കെടുപ്പിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്നും നയന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും ആക്ഷേപമുണ്ട്.
വിദേശരാജ്യത്തിലേക്ക് മന്ത്രിമാര്‍ പോകുമ്പോള്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതില്‍ ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം. എന്നാല്‍ പി.ആര് ഏജന്റിനെ കൊണ്ടുപോകാന്‍ ധനകാര്യമന്ത്രാലയം അനുമതി നല്‍കില്ല. വിദേശരാജ്യങ്ങളില്‍ മന്ത്രിക്കൊപ്പം പോകാന്‍ മന്ത്രാലയത്തിന്റെ അനുമതി വേണമെന്നിരിക്കെ കേന്ദ്ര സര്‍ക്കാരിന്റെ അക്രഡിറ്റേഷന് പോലുമില്ലാത്ത സ്മിത മേനോന് പ്രതിനിധി സംഘത്തില്‍ കടന്നുകൂടിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ആരോപണം. വിഷയത്തില്‍ ബി.ജെ.പിക്കുളളിലും അമര്‍ഷം പുകയുന്നുണ്ട്.
മുതിർന്ന ബി.ജെ.പി നേതാക്കൾക്ക് പോലും അറിയാത്ത സ്മിതാ മേനോൻ എങ്ങനെ മഹിളാമോർച്ചയുടെ പ്രധാന സ്ഥാനത്ത് എത്തിയെന്നുള്ള ചോദ്യങ്ങളും ബിജെപിയിൽ ഉയരുന്നുണ്ട്. സംസ്ഥാന ബിജെപിയിലെ മുരളീധര വിരുദ്ധർക്ക് കിട്ടിയ ആയുധമാണ് സ്മിതാ മേനോന്റെ മഹിളാമോർച്ച ഭാരവാഹിത്വവും യു.എ.ഇയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ ചട്ട വിരുദ്ധമായി സ്മിതയെ പങ്കെടുപ്പിച്ചതും.